അലിഗഢ്: അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ കൊവിഡ് ബാധിച്ച് 44 മരണം. 19 പ്രൊഫസര്‍മാരും 25 സ്റ്റാഫുകളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സര്‍വകലാശാലയിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ ഐസിഎംആറിന് കത്തെഴുതി. വകഭേദം വന്ന വൈറസാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഇക്കാര്യം കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ സിഎസ്ആആറിലേക്കയച്ചു.
‘സര്‍വകലാശാലയിലെ ശ്മശാനം നിറഞ്ഞു. വലിയ ദുരന്തമാണ് സംഭവിച്ചത്. വലിയ ഡോക്ടര്‍മാരും സീനിയര്‍ പ്രൊഫസര്‍മാരും മരിച്ചു. ഡീന്‍, ചെയര്‍മാന്‍, യുവാക്കള്‍ എന്നിവരടക്കമാണ് മരിച്ചത്’-പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഡോ. ആര്‍ഷി ഖാന്‍ പറഞ്ഞു.
ആദ്യ കൊവിഡ് തരംഗം നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥാപനമാണ് അലിഗഢ് യൂണിവേഴ്‌സിറ്റി. ഏകദേശം 30000ത്തോളം വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്. ഇതില്‍ 16000ത്തോളം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നവരാണ്.