കോൺഗ്രസിനെതിരെ തുറന്ന പോരുമായി യൂത്ത് കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് സോണിയഗാന്ധിക്ക് കത്ത്

0
75

കേരളത്തിൽ പാര്‍ട്ടിക്കകത്ത് പുനഃസംഘടന വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തുവന്നു.

കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നും ഇതല്ലാതെ വേറെ വഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് എഐസിസി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയഗാന്ധിയ്ക്ക് കത്ത് നല്‍കിയത്.

യു.ഡി.എഫ് കണ്‍വീനറെ മാറ്റണം, ജംബോ, കെപിസിസി, ഡിസിസി തുടങ്ങിയ കമ്മിറ്റികള്‍ പിരിച്ചു വിടണം, കെ എസ്യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിടണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകളും പുനസംഃഘടനാ ആലോചനകളും നടന്നിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തിരിച്ചടികളില്‍ നിന്നും ഉള്‍ക്കൊണ്ട് സംഘടനയെ വീണ്ടും ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകണം.

കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെക്കുറിച്ച് കൃത്യമായി വിശദീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.