സെൻട്രൽ വിസ്ത പദ്ധതി: ഹർജികൾ നിയമപ്രക്രിയയെ ദുരുപയോഗം ചെയ്യുന്നതെന്ന് കേന്ദ്രം

0
97

കോവിഡ് പ്രതിസന്ധികൾക്കിടയിലും ഇരുപതിനായിരം കോടി രൂപ മുടക്കിയുള്ള സെൻട്രൽ വിസ്ത പദ്ധതിക്കെതിരായ ഹർജികൾ നിയമപ്രക്രിയയെ ദുരുപയോഗം ചെയ്യുന്നതാണെന്ന് കേന്ദ്രസർക്കാർ.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സെൻട്രൽ വിസ്ത നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കവെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം സമർപ്പിച്ചത്.

പദ്ധതി തടസപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഹർജികൾക്ക് പിന്നിലെന്നും അതുകൊണ്ടുതന്നെ പിഴ ചുമത്തി ഇവ തള്ളണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും പബ്ലിക് ഡൊമെയ്‌നിൽ ലഭ്യമാണ്.

അതെല്ലാം അവഗണിച്ചുകൊണ്ടാണ് പരാതിക്കാർ മുന്നോട്ടുവന്നിരിക്കുന്നത്. നിയമപ്രക്രിയയെ ദുരുപയോഗം ചെയ്യുന്ന ഹർജികൾ തള്ളിക്കളയണമെന്നും കേന്ദ്രസർക്കാർ കോടതിയിൽ അഭ്യർഥിച്ചു.

ഡൽഹിയിൽ കർശന ലോക്ഡൗൺ തുടരുമ്പോഴും സെൻട്രൽ വിസ്ത നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ചോദ്യം ചെയ്ത് അന്യ മൽഹോത്ര, സൊഹാലി ഹഷ്മി എന്നിവരാണ് ഹർജി സമർപ്പിച്ചത്. തൊഴിലാളികൾക്ക് കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് കോവിഡ് വ്യാപനം ഉണ്ടായേക്കുമെന്നും ചുണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്. സെൻട്രൽ വിസ്ത നിർമാണ പ്രവർത്തനങ്ങൾ എങ്ങനെ അവശ്യ സേവനങ്ങളിൽ പെടുമെന്നും ഹർജിയിൽ ചോദിക്കുന്നു.

എന്നാൽ, സെൻട്രൽ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ തൊഴിലാളികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ തൊഴിലിടത്തിൽ തന്നെയാണ് തങ്ങുന്നതെന്ന് കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്.

ആർടിപിസിആർ പരിശോധനയും മെഡിക്കൽ സൗകര്യങ്ങളും ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.