ആദ്യ മന്ത്രിസഭയിലെ ഏക വനിത , രാഷ്ട്രീയക്കരുത്തിന്റെ ഉടമ : കെ ആർ ഗൗരിയമ്മ

0
31

കെ ആർ ഗൗരിയമ്മ സാധാരണക്കാരിയയായ സ്ത്രീ മാത്രം ആയിരുന്നില്ല, അസാധാരണമായിരുന്നു അവരുടെ ജീവിതം. ആദ്യ മന്ത്രിസഭയിലെ ഏക വനിത , രാഷ്ട്രീയക്കരുത്തിന്റെ ഉടമ. ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേർന്ന ജീവിതമായി ഗൗരിയമ്മയുടേത്.

1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആർ ഗൗരിയമ്മ കമ്യുണിസ്റ്റ് പാർടിയിൽ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവർക്ക് അംഗത്വം നൽകിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാർ, വി എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം പാർടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.

1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ റവന്യൂ വകുപ്പ് ഏൽപിച്ചു. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായി.

കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസുമായുള്ള വിവാഹവും. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ് സി.പി.ഐയിലുമായതോടെ ജീവിതത്തിലും ഇരുവരും വേർപിരിഞ്ഞു. 1994 ൽ സിപിഐഎം ഗൗരിയമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗൗരിയമ്മയുടെ ആത്മക്കഥയാണ് ‘ആത്മകഥ’. ഈ കൃതിക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.