ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളില്‍ ഒരാളെയാണ് കെ ആര്‍ ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍.
കേരളത്തിന്റെ രാഷ്ടീയ, സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തില്‍ വിപ്ലവാത്മകമായ ചിന്തകള്‍ക്കും ഇടപെടലുകള്‍ക്കും തുടക്കമിട്ട നേതാക്കളില്‍ ഒരാളാണ് ഗൗരിയമ്മ. വിപ്ലവകേരളത്തിന്റെ തിളങ്ങുന്ന നക്ഷത്രവും ഇതിഹാസ തുല്യമായ സാന്നിധ്യവുമായിരുന്നു സഖാവെന്നും വിജയരാഘവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആര്‍ ഗൗരിയമ്മ കമ്യുണിസ്റ്റ് പാര്‍ടിയില്‍ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവര്‍ക്ക് അംഗത്വം നല്‍കിയതു സഖാവ് പി കൃഷ്ണപിള്ളയാണ്. ഇ എം എസ്, എകെജി, നായനാര്‍, വി എസ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.
കേരളത്തിന്റെ ചരിത്ര മുന്നേറ്റങ്ങള്‍ക്ക് കാരണമായ നിയമ നിര്‍മാണങ്ങള്‍ക്ക് ചാലക ശക്തിയായ നേതാവാണ് ഗൗരിയമ്മ. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും വന്ന ഗൗരിയമ്മയില്ലാതെ ആധുനിക കേരളത്തിന്റെ ചരിത്രം അപൂര്‍ണമായിരിക്കും.
1957 ലെ ആദ്യ ഇഎംഎസ് സര്‍ക്കാരിലെ റവന്യു മന്ത്രിയായിരുന്ന ഗൗരിയമ്മ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുന്ന നിയമവും ഭൂപരിഷകരണ നിയമവും അടക്കമുള്ള വിപ്ലവകരമായ നിയമനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഴിമതി നിരോധന നിയമം, വനിതാ കമീഷന്‍ നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങളും ഗൗരിയമ്മ മന്ത്രി ആയിരിക്കെ പാസാക്കിയവയാണ്.
സ്ത്രീകള്‍ പൊതുരംഗത്ത് കടന്നു വരാന്‍ മടിച്ച കാലത്തു എല്ലാ വിവേചനങ്ങളെയും കൊടിയ പീഡനങ്ങളെയും അതിജീവിച്ചു കൊണ്ടാണ് പൊതുരംഗത്തു വന്നത്. ക്രൂരമായ പോലീസ് അതിക്രമങ്ങള്‍ക്ക് ഇരയായ ഗൗരിയമ്മ നിശ്ചയ ദാര്‍ഢ്യത്തിന്റെയും ഇഛാശക്തിയുടെയും മറുപേരായിരുന്നു.
അശരണരായ മനുഷ്യരുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തന പന്ഥാവായാണ് പൊതുപ്രവര്‍ത്തനത്തെ അവര്‍ തെരഞ്ഞെടുത്തത്. ഒരു ജീവിതകാലം മുഴുവന്‍ നാടിനും ജനങ്ങള്‍ക്കുമായി ആവിശ്രമം പ്രവര്‍ത്തിച്ച, ആധുനിക കേരളത്തിന്റെ അഗ്‌നിനക്ഷത്രമാണ് ഗൗരിയമ്മ.
ഗൗരിയമ്മയുടെ വിയോഗത്തില്‍ വേദനയും ദുഖവും അനുഭവിക്കുന്ന എല്ലാവരോടും ചേര്‍ന്നുനില്‍ക്കുന്നുവെന്നും വിജയരാഘവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.