കോവിഡിനെ “ആപ്പി”ലാക്കി; തിരുവനന്തപുരം കോർപറേഷന്റെ ഹൈടെക്‌ മാതൃക

0
88

 

കോവിഡ്‌ പ്രതിരോധത്തിനായി തിരുവനന്തപുരം കോർപറേഷന്റെ ‘ഹൈടെക്‌ മാതൃക’. ജിയോടാഗിങ് വഴിയാണ്‌ മഹാമാരിക്കെതിരെ ‘ന്യൂജെൻ’ പ്രതിരോധം. സ്‌മാർട്ട്‌ ട്രിവാൻഡ്രം സോഫ്‌റ്റ്‌വെയറിന്റെയും കം മൊബൈൽ ആപ്പിന്റെയും സഹായത്തോടെയാണ്‌ കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.

ഡിഎംഒയിൽനിന്ന്‌ ഒരോദിവസവും കോവിഡ്‌ രോ​ഗികളുടെ പട്ടിക ലഭിക്കുന്നത്‌ മുതലാണ്‌ പ്രവർത്തനങ്ങളുടെ തുടക്കം. ഓരോ രോഗിയെയും കോൾസെന്ററിൽനിന്ന്‌ വിളിക്കും. താമസസ്ഥലം, വാർഡ്‌ തുടങ്ങിയവ ശേഖരിച്ച്‌ സ്‌മാർട്ട്‌ ട്രിവാൻഡ്രം സോഫ്‌റ്റ്‌വെയറിൽ നൽകും.

വിവരങ്ങൾ ഉടൻ ഒരോ വാർഡിലെയും റാപ്പിഡ്‌ റെസ്‌പോൺസ്‌ടീം (ആർആർടി) ​ന്റെ ‘കം’ എന്ന മൊബൈൽ ആപ്പിൽ ലഭിക്കും. തുടർന്ന്‌ അംഗങ്ങൾ പ്രോട്ടോകോൾ പാലിച്ച്‌ വീട്‌ സന്ദർശിക്കും. ആവശ്യം വേണ്ട സേവനങ്ങളും ചോദിച്ചറിഞ്ഞ് ജിയോടാഗിങ്‌ നടത്തും.

ജിയോടാഗിങ്‌ നടത്തിയാൽ ഒരോ പ്രദേശത്തെയും രോഗികളുടെ എണ്ണം, രോഗവ്യാപനം നടക്കുന്ന സ്ഥലങ്ങൾ, വ്യാപനതോത്‌, ആവശ്യമായ സഹായം എന്നിവ ആപ്പിലൂടെയും കൺട്രോൾ റൂം വഴിയും മനസ്സിലാക്കാം. അതിവേഗം ഇടപെട്ട് രോഗ വ്യാപനം തടുക്കാം.

കോൾസെന്ററിൽനിന്ന്‌ വിളിക്കുമ്പോൾ രോഗിക്ക്‌ ഭക്ഷണം, മരുന്ന്‌, വൈദ്യസഹായം, അണുനശീകരണം, ആശുപത്രിയിൽ പോകാനുള്ള വാഹന സൗകര്യം തുടങ്ങിയവ ആവശ്യമെങ്കിൽ അതും ലഭ്യമാക്കും. ഇതിനകം 1053 വീട്‌ ജിയോടാഗ്‌ ചെയ്‌തു. ജിയോടാഗിങ്ങിനും അനുബന്ധ നടപടികൾക്കുമായി പ്രത്യേകം വളന്റിയർമാരുണ്ട്.