ചികിത്സക്കൊള്ളയ്‌ക്ക്‌ കടിഞ്ഞാണിടണം

0
156

ദേശാഭിമാനി മുഖപ്രസംഗം

കത്തുന്ന പുരയിൽനിന്ന്‌ കഴുക്കോൽ വലിക്കുന്ന സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിലയ്‌ക്കുനിർത്താതെ കേരളത്തിന്റെ കോവിഡ്‌ പ്രതിരോധയജ്ഞത്തിന്‌ മുന്നോട്ടുപോകാനാകില്ലെന്ന മുന്നറിയിപ്പാണ്‌ തിങ്കളാഴ്‌ച ഹൈക്കോടതി നൽകിയത്‌.

സ്വകാര്യ മേഖലയിൽ ചികിത്സാ നിരക്കുകൾ നിശ്‌ചയിച്ച സർക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. കഞ്ഞിക്ക്‌ 1353 രൂപ ഈടാക്കിയതടക്കം എടുത്തുകാട്ടി ചികിത്സക്കൊള്ളയെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചു. സ്വകാര്യ ഉൽപ്പാദകരെ തുണയ്‌ക്കുന്ന വാക്‌സിൻ നയത്തിൽ ഇടപെടരുതെന്ന്‌ കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ട അതേ ദിവസമാണ്‌ ചികിത്സക്കൊള്ള തടയാൻ സ്വീകരിച്ച നടപടികൾക്ക്‌ കേരള സർക്കാർ ഹൈക്കോടതിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയത്‌.

കോവിഡ്‌ ചികിത്സയിലും പരിശോധനയിലും അമിതലാഭം കൊയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ സർക്കാർ കർശനനടപടി ആരംഭിച്ചുകഴിഞ്ഞു. രോഗികളെ പിഴിയുന്ന ആശുപത്രികൾക്കും പരിശോധന നിഷേധിക്കുന്ന ലാബുകൾക്കുമെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്‌ പ്രകാരം കേസെടുക്കുന്നുണ്ട്‌. നിയമലംഘനം തുടർന്നാൽ പ്രവർത്തനാനുമതി റദ്ദാക്കി പിഴ ചുമത്തും. ഇക്കാര്യത്തിൽ സർക്കാരിന്റെ ഉറച്ച നിലപാടിന്‌ നീതിപീഠങ്ങളിൽനിന്ന്‌ ലഭിക്കുന്ന പിന്തുണ ആശാവഹമാണ്‌.

കോവിഡ്‌ പ്രതിരോധത്തിൽ കേരളം സൃഷ്ടിച്ച അന്യൂന മാതൃകയെ തുരങ്കംവയ്‌ക്കുന്നതാരായാലും കടുത്ത നടപടിക്ക്‌ വിധേയരാക്കണം. മഹാവ്യാധിയെ നേരിടുന്നതിൽ സ്വകാര്യ മേഖലയ്‌ക്കുള്ള സുപ്രധാന പങ്ക്‌ ആദ്യമേ അടിവരയിട്ട സംസ്ഥാനമാണ്‌ കേരളം.

സർക്കാർ സംവിധാനങ്ങൾക്ക്‌ മാത്രമായി കോവിഡ്‌ ആക്രമണത്തെ ചെറുക്കാനാകില്ല. ആദ്യഘട്ടത്തിൽ പരിശോധനയും രോഗീപരിചരണവും പൂർണമായും സർക്കാർസ്ഥാപനങ്ങളാണ്‌ നിർവഹിച്ചത്‌. എന്നാൽ, രോഗവ്യാപനം ശക്തിപ്പെടുന്നതിനനുസരിച്ച്‌ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഘട്ടംഘട്ടമായി വർധിപ്പിച്ചു. വ്യക്തമായ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌.

ചികിത്സയ്‌ക്കും പരിശോധനയ്‌ക്കും ഉപയോഗിക്കുന്ന സാധനങ്ങളുടെ ലഭ്യതയും വിലയും അവലോകനം ചെയ്‌താണ്‌ ഓരോ ഘട്ടത്തിലും ചാർജ്‌ പുനർനിശ്‌ചയിക്കുന്നത്‌. തുടക്കത്തിൽ സ്വകാര്യലാബുകളിൽ ആർടിപിസിആറിന്‌ 3500 രൂപവരെയായിരുന്നു. പൊതുജനാരോഗ്യ മേഖലയിൽ സൗകര്യം പരിമിതമായിരുന്നപ്പോൾ ഇത്‌ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. എന്നാലിപ്പോൾ സർക്കാർ മേഖലയിൽ അതിവിപുലമായ സംവിധാനങ്ങൾ ഉണ്ട്‌. എങ്കിലും അതിതീവ്ര രോഗവ്യാപനം സ്വകാര്യമേഖലയുടെ വർധിച്ച പങ്കാളിത്തം അനിവാര്യമാക്കുന്നു.

50 ശതമാനം കിടക്കകളിൽ ഓക്‌സിജൻ സൗകര്യം ഉറപ്പാക്കാനും കോവിഡ്‌ ഒ പികൾ ആരംഭിക്കാനും സ്വകാര്യ ആശുപത്രികൾക്ക്‌ നിർദേശം നൽകി. പൊതു സംവിധാനങ്ങൾക്കൊപ്പം സ്വകാര്യസ്ഥാപനങ്ങളും ചേർന്നുനിന്നാലേ ഇന്നത്തെ പ്രതിസന്ധിയെ അതിജീവിക്കാനാകൂ എന്നതാണ്‌ സർക്കാരിന്റെ കാഴ്‌ചപ്പാട്‌. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും താഴേത്തട്ടുവരെ ചികിത്സാസൗകര്യം ഒരുക്കുകയാണ്‌. എന്നാലും സൗകര്യങ്ങൾ പര്യാപ്‌തമാണെന്ന്‌ പറയാനാകില്ല.

ഈ അസാധാരണ സാഹചര്യത്തെ ലാഭക്കണ്ണോടെ കാണുന്നവരുടെ എണ്ണം ചെറുതല്ലെന്നാണ്‌ സമീപ ദിവസങ്ങളിലെ വാർത്തകൾ വ്യക്തമാക്കുന്നത്‌. കോവിഡ്‌ രോഗികൾക്ക്‌ ലക്ഷങ്ങളുടെ ബിൽ അടിച്ചുകൊടുക്കുകയാണ്‌ ചില സ്വകാര്യആശുപത്രികൾ. പിപിഇ കിറ്റ്‌, ഡോക്ടർ ചാർജ്‌ തുടങ്ങിയ ഇനങ്ങളിലൊക്കെ കേട്ടുകേൾവിയില്ലാത്ത തുകയാണ്‌ ഈടാക്കുന്നത്‌.

ബില്ലടയ്‌ക്കാൻ കഴിയാത്തതിന്‌ ഡിസ്‌ചാർജ്‌ തടയുകയും മൃതദേഹം പിടിച്ചുവയ്‌ക്കുകയും ചെയ്‌ത റിപ്പോർട്ടുണ്ട്‌. ഇതൊന്നും വച്ചുപൊറുപ്പിക്കാനാകില്ലെന്നും കലക്ടറും ഡിഎംഒയും കർശന നടപടി സ്വീകരിക്കണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്‌. പൊലീസും കേസെടുക്കുന്നുണ്ട്‌. പൾസ്‌ ഓക്‌സിമീറ്റർ, മാസ്‌ക്‌, സാനിറ്റൈസർ തുടങ്ങിയവയുടെ കരിഞ്ചന്തയും തടയും.

സർക്കാർ ആശുപത്രിയിൽ സൗജന്യമായി നൽകുന്ന ചികിത്സയ്‌ക്കാണ്‌ പുറത്ത്‌ ലക്ഷങ്ങൾ ചെലവുവരുന്നത്‌. എന്നാൽ, സ്വകാര്യമേഖലയിൽ ചികിത്സയ്‌ക്ക്‌ പോകുന്നവരെല്ലാം സാമ്പത്തികശേഷിയുള്ളവരാണെന്ന്‌ ധരിക്കാനാകില്ല. രോഗികളുടെ എണ്ണം വർധിച്ചുവരുമ്പോൾ കിട്ടാവുന്ന സ്ഥലത്തുനിന്ന്‌ ചികിത്സതേടാൻ ജനങ്ങൾ നിർബന്ധിതരാകും.

ചിലർ നേരത്തേ ചികിത്സ നടത്തുന്ന ആശുപത്രികളെയാണ്‌ കോവിഡിനും സമീപിക്കുക. ഇതൊക്കെ തീവെട്ടിക്കൊള്ളയ്‌ക്കുള്ള അവസരമാക്കുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയായേ കാണാനാകൂ. ഇതിനെതിരെ മാധ്യമങ്ങളും കോടതികളും ശക്തമായ നിലപാട്‌ സ്വീകരിക്കുന്നത്‌ സ്വാഗതാർഹമാണ്‌.

വിവിധ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കും ആരോഗ്യവകുപ്പ്‌ നിരക്ക്‌ നിശ്ചയിച്ച്‌ ഉത്തരവായിട്ടുണ്ട്‌. ഈ പട്ടികയിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തേണ്ടതും നിരക്ക്‌ പുനർനിർണയം ചെയ്യേണ്ടതും ആവശ്യമായേക്കാം. എന്നാൽ, സർക്കാർ തീരുമാനത്തിന്‌ നേരെ മുഖംതിരിക്കുന്നത്‌ ശരിയല്ല. ആർടിപിസിആർ പരിശോധനയ്‌ക്ക്‌ 500 രൂപയായി നിജപ്പെടുത്തിയത്‌ ലാബ്‌ ഉടമാസംഘം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതിനുവരുന്ന ചെലവ്‌ 300 രൂപ മാത്രമാണെന്ന വിവരം പുറത്തുവന്നതോടെയാണ്‌ ഞെട്ടിപ്പിക്കുന്ന ചൂഷണം വെളിപ്പെട്ടത്‌.

കോടതിയെ സമീപിച്ചെങ്കിലും സർക്കാർ നിലപാടിനാണ്‌ അംഗീകാരം ലഭിച്ചത്‌. ആർടിപിസിആർ നിർത്തി പകരം 1500ന്റെ ട്രൂനാറ്റ്‌ ചെയ്‌തുകൊണ്ടാണ്‌ ചില ലാബുകൾ സർക്കാർ തീരുമാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്‌. ഇത്തരം സമീപനങ്ങൾക്കെതിരെ ചുമതലപ്പെട്ടവർ കർശനമായ നടപടികൾ സ്വീകരിക്കണം. ജനങ്ങളുടെ ജീവൻവച്ച്‌ പന്താടാനുള്ള ഏത്‌ നീക്കവും മുളയിലേ നുള്ളണം. ന്യായമായ ആദായമെടുക്കുന്നതിന്‌ ആരും എതിരല്ല. അതിനപ്പുറമുള്ളതൊന്നും അനുവദിച്ചുകൂടാ. പ്രത്യേകിച്ചും ഈ ദുരന്തകാലത്ത്‌.