കോവിഡിനെതിരെ ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടുന്നത് വിഡ്ഢിത്തം: മുന്നറിയിപ്പ് നൽകി വിദഗ്ധർ

0
77

 

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധമെന്ന പേരിൽ ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടുന്നത് വിഡ്ഢിത്തരമാണെന്ന് ആരോഗ്യ വിദഗ്ധർ. അശാസ്ത്രീയവും തികച്ചും അന്ധവിശ്വാസജടിലവുമാണ് ഇത്തരം ചികിത്സകളെന്ന് ഡോക്ടർമാരും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകി.

കോവിഡിനെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണയിൽ ചാണകം ഉപയോഗിച്ച്‌ ചികിത്സ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കോവിഡിനെക്കാളും വലിയ വിപത്ത് വിളിച്ചു വരുത്തുമെന്നുമാണ് മുന്നറിയിപ്പ്. ചാണകത്തിന് കോവിഡിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ചാണകം ഉപയോഗിക്കുന്നത് മറ്റ് രോഗങ്ങൾ വരാൻ
ഇടയാക്കും.

കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന ധാരണയിൽ ഗുജറാത്ത് അടക്കമുള്ള സംസ്ഥനങ്ങളിൽ ജനങ്ങൾ പശുത്തൊഴുത്തുകളിൽനിന്ന് ചാണകവും ഗോമൂത്രവും ശേഖരിച്ച്‌ ശരീരത്ത് പുരട്ടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പലയിടങ്ങളിലും ആഴ്ചയിൽ ഒരിക്കലെങ്കിലും ഗോശാലകളിൽ എത്തി ചാണകവും മൂത്രവും ശേഖരിച്ച്‌, ഇവ ശരീരത്തിൽ വാരിത്തേക്കുകയും ഉണങ്ങുംവരെ കാത്തിരിക്കുകയും ചെയ്യുന്നു.

തുടർന്ന് പശുക്കളെ ആലിംഗനം ചെയ്യുകയും ശാരീരിക ഊർജ്ജനില വർധിപ്പിക്കുന്നതിന് യോഗ ചെയ്യുകയും ചെയ്യുന്നു. പിന്നീട് പാൽ ഉപയോഗിച്ച്‌ കഴുകിക്കളയുകയാണ് പലരും. എന്നാൽ, ഇത് ഏറെ അപകടകരവും വിഡ്ഢിത്തവുമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.