നടനും മാധ്യമ പ്രവർത്തകനുമായ ടിഎൻആർ കോവിഡ് ബാധിച്ച് മരിച്ചു

0
64
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നടൻ ടി.നരസിംഹ റെഡ്ഡി (45) അന്തരിച്ചു. ടെലിവിഷന്‍ ഷോകളിലൂടെ തിളങ്ങിയ മാധ്യമ പ്രവർത്തകൻ കൂടിയായ അദ്ദേഹം ടിഎൻആർ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. നിരവധി തെലുങ്ക് ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

കോവിഡ് ബാധിതനായി വീട്ടിൽ കഴിഞ്ഞിരുന്ന ടിഎൻആറിനെ ശ്വാസതടസ്സത്തെ തുടർന്ന് മൽക്കജ്ഗിരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

‘ജതി രത്നലു’, ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’, ‘ഫലക്നുമ ദാസ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഐഡ്രീസ് എന്ന പേരിലെ യൂട്യൂബ് ചാനലിൽ ‘ഫ്രാങ്ക്ലി സ്പീക്കിംഗ് വിത്ത് ടിഎൻആർ’ എന്ന ഷോയുടെ അവതാരകൻ കൂടിയായിരുന്ന താരം നിരവധി സെലിബ്രിറ്റികളുടെ ഇന്‍റർവ്യു നടത്തിയിരുന്നു.

നാനി, സന്ദീപ് കിഷൻ അടക്കം പ്രമുഖ താരങ്ങളും സംവിധായകരും ടിഎൻആറിന്‍റെ മരണത്തിൽ ഞെട്ടലും ദുഃഖവും അറിയിച്ച് പ്രതികരിച്ചിട്ടുണ്ട്.’ടി‌എൻ‌ആർ മരിച്ചുവെന്ന വാർത്ത ഞെട്ടലുണ്ടാക്കി .. അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ കുറച്ച് മാത്രമേ കണ്ടിട്ടുള്ളൂ, അതിഥികള്‍ അവരുടെ ഹൃദയം തുറന്ന് സംസാരിക്കുന്ന തരത്തിൽ, ആശയവിനിമയം നടത്തുന്നതിലും അദ്ദേഹം മികച്ചു നിന്നിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന് അനുശോചനവും കരുത്തും അറിയിക്കുന്നു’ എന്നാണ് നടൻ നാനി ട്വീറ്റ് ചെയ്തത്.

സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലും തത്പ്പരനായിരുന്ന ടിഎൻആർ സംവിധാന മേഖലയിലേക്ക് കടക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. കോളജിൽ നിന്നും ബിരുദം നേടിയ ശേഷമാണ് ചലച്ചിത്ര രംഗത്തോടുള്ള താത്പ്പര്യം കൂടിയതെന്നും ഒരു സംവിധായകൻ ആകാൻ ആഗ്രഹിക്കുന്നുവെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതുമാണ്