വിവാദങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. അസമിന്റെ പതിനഞ്ചാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. കഴിഞ്ഞദിവസം ബിജെപിയുടെ നിയമസഭാ കക്ഷിനേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ) കണ്‍വീനര്‍കൂടിയായ ഹിമന്ത ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയായത്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവ് സര്‍ബാനന്ദ സോനോവാളും മുഖ്യമന്ത്രിപദത്തിനുവേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. ഇരുവരും മുഖ്യമന്ത്രി പദത്തിനുവേണ്ടി ഉറച്ചുനിന്നതോടെ ബിജെപിയിൽ ചേരിപ്പോര് ഉടലെത്തുന്നു. തുടന്ന് രണ്ടു നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ചുവെങ്കിലും സമവായത്തിലെത്താൻ സാധിച്ചില്ല. മുന്നണി വിടുമെന്ന ഹിമന്ത ബിശ്വ ശര്‍മ്മ ഭീഷണി കൂടിയായതോടെ ഒടുവിൽ സര്‍ബാനന്ദ സോനോവാൾ പിൻവാങ്ങുകയായിരുന്നു. 126 അംഗ സഭയില്‍ ബിജെപിക്ക് 60 പ്രതിനിധികളെയാണു ലഭിച്ചത്.