‘ഒറ്റക്കല്ല ഒപ്പമുണ്ട്’ കൊവിഡ് കാല സമ്മര്‍ദം കുറയ്ക്കാന്‍ കൗണ്‍സിലിംഗുമായി സര്‍ക്കാര്‍

0
52

കൊവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേല്‍ ഏല്പിക്കുന്ന മാനസിക സമ്മർദ്ദത്തിന്റെ തീവ്രത കുറയ്ക്കാന്‍ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ജില്ലയിലും മെന്‍റൽ ഹെൽത്ത് ടീമിന്‍റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുക. സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവരെല്ലാം ഈ ടീമുകളുടെ ഭാഗമാണ്. ഏകദേശം 1400 പേര്‍ ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി ടീം കൂടുതല്‍ വിപുലമാക്കും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ടീം വളരെ പ്രധാനപ്പെട്ട സേവനമാണ് നല്‍കി വരുന്നത്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ലിസ്റ്റ് ഓരോ ജില്ലയിലേയും ടീമുകള്‍ക്ക് കൈമാറുന്നു. അവിടെ നിന്നും പോസിറ്റീവ് ആകുന്ന ഓരോ വ്യക്തിയേയും പ്രോട്ടോക്കോള്‍ പ്രകാരം നേരിട്ടു വിളിക്കുകയും അവര്‍ നേരിടുന്ന മാനസികമായ ബുദ്ധിമുട്ടുകളോ ആവശ്യങ്ങളോ ചോദിച്ചറിയുകയും ചെയ്യുന്നു. മാനസിക ബുദ്ധിമുട്ട് നേരിടുന്നു എന്ന് കണ്ടാല്‍ രണ്ടാമത്തെ കോളില്‍ സൈക്യാട്രിസ്റ്റ് നേരിട്ട് സംസാരിച്ച്‌ പരിഹാരം നിര്‍ദേശിക്കും.

മരുന്നുകള്‍ ആവശ്യമായി വരികയാണെങ്കില്‍ തൊട്ടടുത്തുള്ള പി.എച്.സി വഴി അവര്‍ക്ക് അതെത്തിക്കാനുള്ള നടപടിയും സ്വീകരിക്കും. മറ്റു ആവശ്യങ്ങള്‍ ഐസിഡിഎസ്, തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവ വഴിയും നിറവേറ്റാന്‍ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നു. കൊവിഡ് രോഗവിമുക്തരായവരെ 20 ദിവസങ്ങള്‍ക്ക് ശേഷം പോസ്റ്റ് കൊവിഡ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടോ എന്നു തിരക്കുന്നതിനായും കോളുകള്‍ ചെയ്യുന്നുണ്ട്.

കോവിഡ് ബാധിതരായവര്‍ക്ക് പുറമേ മാനസികരോഗമുള്ളവര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍, വയോജനങ്ങള്‍ തുടങ്ങിയ പിന്തുണ ആവശ്യമുള്ളവരേയും ഈ പദ്ധതി വഴി അങ്ങോട്ടു ബന്ധപ്പെടുന്നുണ്ട്. മദ്യം ലഭ്യമല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മദ്യപാനാസക്തി ഉള്ളവരുടെ ചികിത്സയുടെ ഏകോപനവും സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ടീം നിര്‍വഹിക്കുന്നു. ഇതുവരെ 83 ലക്ഷം കോളുകളിലൂടെ 52 ലക്ഷം പേര്‍ക്കാണ് ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതി സേവനം നല്‍കിയത്. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ ഹെല്‍പ് ലൈന്‍ നമ്പറുകൾ ലഭ്യമാണ്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തില്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

74,087 ഭിന്നശേഷി കുട്ടികള്‍ക്കും, മനോരോഗ ചികിത്സയില്‍ ഇരിക്കുന്ന 31,520 പേര്‍ക്കും ഇത്തരത്തില്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതല്‍ സ്കൂള്‍ കുട്ടികളേയും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം ബന്ധപ്പെടുന്നുണ്ട്. 7.12 ലക്ഷം സ്കൂള്‍ കുട്ടികളേയാണ് ഇതുവരെ വിളിച്ചത്. അതില്‍ 73,723 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.