Breaking
കെ സുരേന്ദ്രനും വി മുരളീധരനും ഹെലികോപ്ടറുകളിൽ പറന്നുകറങ്ങിയപ്പോൾ ബൂത്തുകളിൽ വോട്ടുകൾ ഒലിച്ചുപോയെന്നും ആർഎസ്എസ് വോട്ടുകൾ വലിയ തിത്തിൽ ചോർന്നുവെന്നും ബിജെപി നേതൃയോഗത്തിൽ വിമർശനം. നേതാക്കൾ മാനത്ത് നിൽക്കാതെ താഴെത്തട്ടിലേക്ക് ഇറങ്ങണമെന്നും താൻപോരിമ അവസാനിപ്പിക്കാത്തിടത്തോളം കേരളത്തിൽ ബിജെപി ഗുണം പിടിക്കില്ലെന്നും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. ചില നേതാക്കളുടെ അഹങ്കാരം ഒന്ന് മാത്രമാണ് ബിജെപിയെ സംപൂജ്യമാക്കിയതെന്നും മിക്ക നേതാക്കളും തുറന്നടിച്ചു. നേതാക്കൾ പറന്നുനടന്ന് പണം ചെലവഴിച്ചപ്പോൾ ബൂത്തുകളിൽ പാവപ്പെട്ട പ്രവർത്തകർ പണമില്ലാതെ കഷ്ടപ്പെട്ടുവെന്നും നേതാക്കൾ കെ സുരേന്ദ്രനെ ലക്ഷ്യമിട്ട് ആഞ്ഞടിച്ചു. ഇത് ഒന്ന് മാത്രമാണ് ബിജെപിയുടെ ദയനീയ പരാജയത്തിന് കാരണമായതെന്നും നേതൃയോഗത്തിൽ എല്ലാവരും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഓൺലൈൻ വഴിയായിരുന്നു ബിജെപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചേർന്നത്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കാസർകോട്, കണ്ണൂർ, പാലക്കാട്, കോട്ടയം എന്നീ ജില്ലാ പ്രസിഡന്റുമാരും അവിടങ്ങളിൽ നിന്നുള്ള സംസ്ഥാന നേതാക്കളുമാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. മിക്കപ്പോഴും കെ സുരേന്ദ്രൻെറയും വി മുരളീധരന്റെയും മാധ്യമങ്ങളോടുള്ള പ്രതികാരണങ്ങൾ അതിരു കവിഞ്ഞ വിടുവായത്തമായെന്ന് പലരും ചൂണ്ടിക്കാട്ടി. പാലക്കാട്ട് ഇ ശ്രീധരനെ തോൽപ്പിച്ചത് അദ്ദേഹത്തിന്റെ സ്വന്തം നടപടികളും കെ സുരേന്ദ്രന്റെ പ്രസ്താവനയുമാണെന്ന് അവിടെ നിന്നുള്ള നേതാക്കൾ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി.
വി മുരളീധരനെ പോലുള്ള നേതാക്കൾ ഉണ്ടെങ്കിൽ കേരളത്തിൽ ബിജെപി ഗുണം പിടിക്കില്ലെന്ന് തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നി ജില്ലകളിലെ പ്രതിനിധികൾ രോഷത്തോടെ ആഞ്ഞടിച്ചു. നെടുമങ്ങാട്, മലമ്പുഴ, കണ്ണൂർ, കഴക്കൂട്ടം, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ നേതൃത്വത്തില്‍ നിന്നും വേണ്ട സഹായം ലഭിച്ചില്ലെന്ന് നേതാക്കൾ പറഞ്ഞു.
ഹെലികോപ്റ്ററില്‍ കറങ്ങാന്‍ പണം പൊടിപൊടിച്ചെങ്കിലും ബൂത്തുകളില്‍ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം ചുരുക്കിയെന്നും ജില്ലാ നേതാക്കൾ പറഞ്ഞു. ബൂത്ത് തലങ്ങളിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരുന്നെങ്കില്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് തോറ്റ മണ്ഡലങ്ങള്‍ വിജയസാധ്യതയുണ്ടായിരുന്നുവെന്നും യോഗം വിലയിരുത്തി.
ബൂത്ത് തല പ്രവര്‍ത്തനത്തിലെ വീഴ്ച ബിജെപിയെ ഞെട്ടിപ്പിക്കുന്നതാണ്. മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാന്‍ കഴിയാത്ത കെട്ടുറപ്പുള്ള ബൂത്ത് തല സംവിധാനം ഉണ്ടെന്നാണ് വിശ്വസിച്ചിരുന്നത്. ബിജെപിക്കാർക്കൊപ്പം സംഘപരിവാർ നിയോഗിച്ച പ്രവർത്തകരും ബൂത്തുകളിൽ ഉണ്ടായിരുന്നു.
എന്നിട്ടും വോട്ട് ചോർന്നുവെന്നത് അവിശ്വസനീയമാണെന്നും നേതൃയോഗം വിലയിരുത്തി. കെ സുരേന്ദ്രൻ ഒന്നിട വിട്ട ‘ദിവസങ്ങളിൽ ഹെലികോപ്റ്ററിൽ പറന്നത് മാത്രമാണ് മിച്ചം’- എറണാകുളത്ത് നിന്നുള്ള മുതിര്ന്ന നേതാവ് തുറന്നടിച്ചത് ഇങ്ങനെയായിരുന്നു. രണ്ട് കോപ്റ്ററുകളാണു തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലേക്കു ബി.ജെ.പി വാടകയ്‌ക്കെടുത്തത്.
രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച കേന്ദ്രമന്ത്രി വി മുരളീധരനും പിന്നെ കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കള്‍ക്കും വേണ്ടിയായിരുന്നു ഇവ. ഇതില്‍ ഒരു എന്‍ജിന്‍ ഉള്ള ഹെലികോപ്റ്ററിനു രണ്ട് മണിക്കൂറിനു രണ്ട് ലക്ഷം രൂപയായിരുന്നു വാടക. ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററിനു രണ്ട് മണിക്കൂറിന് നാല് ലക്ഷം വരെയും. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച കെ സുരേന്ദ്രന് രണ്ട് ദിവസം കൂടുമ്പോള്‍ പറക്കേണ്ടി വന്നതും ചെലവ് വര്‍ധിപ്പിച്ചു. എന്നാൽ, ബൂത്തുകളിൽ ഓടിനടന്ന പ്രവർത്തകർക്ക് മതിയായ തുക നേതൃത്വത്തിൽ നിന്നും ലഭിച്ചതുമില്ല.
അതിനിടെ ബിജെപി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തിൽ വി മുരളീധരൻ-കെ സുരേന്ദ്രൻ അച്ചുതണ്ടിലെ പ്രബലരായ എസ് സുരേഷും ജില്ലാ പ്രസിഡന്റ് വി വി രാജേഷും തമ്മിൽ ഏറ്റുമുട്ടിയതും നേതൃത്വത്തെ സ്തംഭിപ്പിച്ചു. തലസ്ഥാന ജില്ലയിൽ ബിജെപി ഏറ്റവും മോശം പ്രകടനത്തിലേക്ക് പോയതിന്റെ ഉത്തരവാദിത്തം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ഉൾപ്പെട്ട നേതൃത്വത്തിനാണെന്ന് മുൻ പ്രസിഡന്റ് എ സുരേഷ് ഉൾപ്പെടെയുള്ളവർ പറഞ്ഞതാണ് രാജേഷിനെ പ്രകോപിപ്പിച്ചത്.
കുമ്മനം നേരത്തെ നേടിയ വോട്ടുപോലും നിലനിർത്താനായില്ലെന്നും ഏറ്റവും മികച്ച വിജയം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് അടിമുടി നിർജീവമായെന്നും മുൻ പ്രസിഡന്റ് എ സുരേഷ് കണക്ക് നിരത്തി ആഞ്ഞടിച്ചു. അനവധി നേതൃപദവികൾ ഒഴിഞ്ഞു കിടക്കുകയാണെന്നും സുരേഷ് വിമർശിച്ചതോടെ സുരേഷിന്റെ ജില്ലാപഞ്ചായത്തിലെ തോൽവി പരാമർശിച്ച് വി വി രാജേഷും തിരിച്ചടിച്ചു.
വിമത ഗ്രൂപ്പിലെ നേതാവായ ജെ ആര്‍ പത്മകുമാര്‍ കൂടി ചർച്ചയിൽ പങ്കെടുത്തതോടെ യോഗം ഏറ്റുമുട്ടലിന്റെ വക്കിലെത്തുന്ന സാഹചര്യമായി. ഇതോടെ കോർകമ്മിറ്റിയിൽ വിശദ ചർച്ചയാകാമെന്നും പറഞ്ഞ് കെ സുരേന്ദ്രൻ ഇടപെട്ടു. കേരളത്തിലേറ്റ കനത്ത തോൽവിയെക്കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വവും ആർഎസ്എസ് നേതൃത്വവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.