സെഞ്ച്വറി തികച്ചു കുടുംബശ്രീ ജനകീയ ഹോട്ടലുകൾ

0
62

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ നൂറാമത്തെ കുടുംബശ്രീ ജനകീയ ഹോട്ടലിൽ മുറിഞ്ഞപാലത്ത് പ്രവർത്തനം തുടങ്ങി. നിയുക്ത എം.എൽ.എ. വി.കെ. പ്രശാന്ത്. നവജീവൻ അയൽക്കൂട്ടാംഗങ്ങളാണ് കോസ്‌മോപോളിറ്റൻ ആശുപത്രിക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിന്റെ സംരംഭകർ. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ടേക്ക്-എവേ രീതിയിലാണ് ഇവിടെനിന്നു ഭക്ഷണ വിതരണം.

പദ്ധതിയുടെ തുടക്കത്തിൽ 80 ജനകീയ ഹോട്ടൽ ഔട്ട്‌ലെറ്റുകളാണ് തിരുവനന്തപുരം ജില്ലയിൽ ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ പൊതുജനങ്ങളിൽ നിന്നും ലഭിച്ച വലിയ സ്വീകാര്യതയെത്തുടർന്ന് നൂറു ജനകീയ ഹോട്ടലുകൾ ഇതുവരെ തുറക്കാൻ കഴിഞ്ഞു. 18 എണ്ണം തിരുവനന്തപുരം കോർപറേഷനിലാണ്. നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിവിടങ്ങളിൽ മൂന്നും ആറ്റിങ്ങൽ, വർക്കല എന്നിവടങ്ങളിൽ ഓരോന്നുമുണ്ട്. ബാക്കി ജില്ലയിലെ 73 ഗ്രാമ പഞ്ചായത്തുകളിലാണു പ്രവർത്തിക്കുന്നത്. 20 രൂപയാണ് ഒരു പൊതിച്ചോറിനു ജനകീയ ഹോട്ടലിലെ വില.

ജില്ലയിൽ ആയിരത്തിലധികം കുടുംബശ്രീ അംഗങ്ങൾക്ക് ജീവനോപാധിയും അതുവഴി സാമ്പത്തിക ഉയർച്ചയും ഉറപ്പാക്കാൻ ജനകീയ ഹോട്ടലുകൾക്കു സാധിച്ചിട്ടുണ്ട്. ജനകീയ ഹോട്ടലുകളുടെ തുടർപ്രവർത്തനമായി ഏകീകൃത മെനു, യൂണിഫോം, പരിശീലനങ്ങൾ തുടങ്ങിയവ നടപ്പിലാക്കാനാണു കുടുംബശ്രീ ജില്ലാമിഷൻ ആസൂത്രണം ചെയ്യുന്നത്.

മുറിഞ്ഞപാലം ജനകീയ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു, മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ഡി.ആർ. അനിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.ആർ. ഷൈജു തുടങ്ങിയവരും പങ്കെടുത്തു.