ഒരു കഞ്ഞിക്ക് 1350 രൂപ, പാരസെറ്റമോളിന് 45 രൂപവരെ; പകല്‍ക്കൊള്ള നീതികരിക്കാനാകില്ല- ഹൈക്കോടതി

0
78

കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരുവിധത്തിലും നീതീകരിക്കാനാവാത്ത നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഒരു കഞ്ഞിക്ക് മാത്രം 1350 രൂപ വരെ വാങ്ങുന്ന സ്ഥിതി സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലും ഉണ്ട്. ഇത് പരിശോധിച്ച്‌ ബോധ്യപ്പെട്ട കാര്യമാണെന്നും കോടതി പറഞ്ഞു. പാരസെറ്റാമോളിന് മാത്രം 25 മുതല്‍ 45 രൂപവരെ വാങ്ങിയ ആശുപത്രികളുണ്ട്. മനുഷ്യനെ കൊള്ളയടിക്കുകയാണ് പല ആശുപത്രികളും.

സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളാണ് ഈ സാഹചര്യത്തില്‍ വലിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നത്. ആരോഗ്യ മേഖല നൂറു ശതമാനം സജ്ജരായി ഇപ്പോള്‍ നീങ്ങുകയാണ്, അത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട നിങ്ങള്‍ ന്യായീകരിക്കാനാകാത്ത തുക രോഗികളില്‍നിന്ന് വാങ്ങുന്നത് വലിയ തെറ്റുതന്നെയാണ്. 1000 രൂപ ദിവസക്കൂലിയുള്ള ആള്‍ക്ക് രണ്ടര ലക്ഷം രൂപയുടെ ബില്ല് നല്‍കുന്നത് നീതീകരിക്കാനാവുന്ന കാര്യമല്ലെന്നും കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി വ്യക്തമാക്കി. രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. സര്‍ക്കാര്‍ ഇത്തരമൊരു വിജ്ഞാപനം ഇറക്കിയതിനെ കോടതി പ്രശംസിച്ചു. ഇത് സ്വാഗതാര്‍ഹമാണെന്നും കോടതി പറഞ്ഞു.