സിദ്ദിഖ് കാപ്പനെ രഹസ്യമായി ജയിലിലേക്ക് മാറ്റി, യുപി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

0
69

രാജ്യദ്രോഹക്കുറ്റം ചുമത്തി മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയ നടപടിയില്‍ യുപി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്. കാപ്പന്റെ അഭിഭാഷകനാണ് നോട്ടിസ് അയച്ചത്. കാപ്പനെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യം. യുപി സര്‍ക്കാര്‍ കോടതി ഉത്തരവ് ലംഘിച്ചെന്ന് നോട്ടിസില്‍ പറയുന്നു.

എയിംസില്‍ കൊവിഡ് ചികിത്സ തുടരുന്നതിനിടെ രഹസ്യമായാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്. ഭാര്യയോ അഭിഭാഷകനോ അറിയാതെയായിരുന്നു യുപി പൊലീസിന്റെ നീക്കം. കൊവിഡ് ബാധിച്ചതിനെതുടര്‍ന്നാണ് സിദ്ദിഖ് കാപ്പനെ സുപ്രീംകോടതി ഉത്തരവ് പ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയത്. ചികിത്സ കഴിഞ്ഞാല്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. മഥുര ജയിലില്‍ വച്ച്‌ കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും രോഗമുക്തനായെന്ന റിപ്പോര്‍ട്ടാണ് യുപി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്. എന്നാല്‍, എയിംസില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും കാണാന്‍ അനുവദിക്കാതെ അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ജാമ്യത്തിന് ശ്രമിക്കാമെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് യുപി സർക്കാർ കാപ്പനെ രഹസ്യമായി വീണ്ടും ജയിലിലേക്ക് മാറ്റിയത്.