അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ സ്ഫോടനം; വിദ്യാര്‍ഥികളുള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു

0
80

അഫ്ഗാൻ തലസ്ഥാനം കാബൂളിൽ ജനവാസ മേഖലയിലെ സ്കൂളിൽ വൻ സ്ഫോടനം. വിവിധ സ്ഫോടനങ്ങളിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.11-15 വയസ്സ് പ്രായമുള്ള വിദ്യാർഥികളാണ് മരണപ്പെട്ടവരിൽ ഏറെയും . മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. കാബൂൾ ദഷ്ട്-ഇ-ബർക്കിയിലെ സയ്യദ് ഷുഹാദ സ്കൂളിലാണ് ദുരന്തം നടന്നത്.

സ്കൂളിൽ മൂന്ന് ഷിഫ്റ്റുകളിലായാണ് ക്ലാസ്സുകൾ നടക്കാറുള്ളത്. പെൺകുട്ടികൾക്ക് ക്ലാസ്സ് നടക്കുന്ന രണ്ടാമത്തെ ഷിഫ്റ്റിൽ വൈകുന്നേരത്തോടെയാണ് സ്ഫോടനം നടന്നതെന്ന് അഫ്ഗാനിസ്ഥാൻ വിദ്യാഭ്യാസ മന്ത്രാലയം വക്താവ് നജീബ അരിയാൻ പറഞ്ഞു. അപകടത്തിനിരയായവരിൽ ഏറെയും പെൺകുട്ടികളാണ്.

ആക്രമണത്തിന്റെ ദാരുണ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിന്നിച്ചിതറിയ മൃതദേഹങ്ങളും ചോരയിൽ മുങ്ങിയ പുസ്തകങ്ങളും ശരീരങ്ങളും ദൃശ്യങ്ങളിൽ കാണാം.സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അതേസമയം താലിബാൻ ആണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി ആരോപിച്ചു. സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടതിലൂടെ അഫ്ഗാനിസ്ഥാന്റെ ഭാവിയെ ആണ് താലിബാൻ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്ഫോടനത്തിൽ പങ്കില്ലെന്ന് താലിബാൻ വക്താവ് സബിനുള്ള മുജാഹിദ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അക്രമണത്തെ അദ്ദേഹം അപലപിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസ് സൈന്യത്തെ പിൻവലിക്കുമെന്ന് അടുത്തിടെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്.യൂറോപ്യൻ യൂണിയനും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.