മെഡിക്കൽ ഓക്‌സിജൻ അത്യാഹിതങ്ങൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശം

0
74

 

തിരുവനന്തപുരം: ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജൻ ഉൾപ്പെടെയുള്ള രാസ അത്യാഹിതങ്ങൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്‌സിജൻ ഉപയോഗിച്ചുവരുന്നു.

പൈപ്പുകൾ, ഹോസുകൾ, വാൽവുകൾ തുടങ്ങിയവയിലൂടെ ഓക്‌സിജൻ വിതരണ സംവിധാനങ്ങളിലെ ചോർച്ച, അന്തരീക്ഷത്തിലെ മെഡിക്കൽ ഓക്‌സിജൻ, അനുചിതമായ വൈദ്യുതീകരണം, അനുചിതമായ ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ.

ഇതൊഴിവാക്കി രോഗികളുടേയും ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. സർക്കാർ, സ്വകാര്യ ആശുപത്രികൾ നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണ്.

ഈ മാർഗനിർദേശങ്ങൾ പ്രകാരം ബയോ മെഡിക്കൽ എഞ്ചിനീയർമാർ ടെക്‌നിക്കൽ ഏജൻസിയുടെ സഹായത്തോടെ ആശുപത്രികളുടേയും ഐ.സി.യു.കളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഒരു നിശ്ചിത കാലയളവിൽ ടെക്‌നിക്കൽ ഓഡിറ്റ് നടത്തേണ്ടതാണ്.

അത്യാഹിതം സംഭവിക്കാതിരിക്കാൻ അപകട സാധ്യതയുള്ളവ കണ്ടെത്തി പരിഹരിക്കേണ്ടതാണ്. ഐ.സി.യു.കൾ, ഓക്‌സിജൻ വിതരണമുള്ള വാർഡുകൾ, ഓക്‌സിജന്റെയും രാസവസ്തുക്കളുടേയും സംഭരണം, ഗതാഗത സംവിധാനങ്ങൾ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്. എർത്തിംഗ് ഉൾപ്പെടെയുള്ള വൈദ്യുത സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവ പരിശോധിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതാണ്. ഇതോടൊപ്പം ജീവനക്കാർക്ക് മികച്ച പരിശീലനവും നൽകേണ്ടതാണ്.

അപകടം ഉണ്ടായാൽ അത് തരണം ചെയ്യുന്നതിന് ഓരോ ആശുപത്രിയിലും ഇൻസിഡന്റ് റെസ്‌പോൺസ് ടീം സജ്ജമാക്കണം. അപകടമുണ്ടായാൽ പലായനം ചെയ്യാനുള്ള പദ്ധതി നേരത്തേ തയ്യാറാക്കണം. അടിസ്ഥാന ഫയർ സേഫ്റ്റി ഉപകരണങ്ങൾ, ഐ.സി.യു. പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ ഇടയ്ക്കിടെ വായു പുറത്ത് പോകാനുള്ള ക്രോസ് വെന്റിലേഷൻ, മെക്കാനിക്കൽ വെന്റിലേഷൻ തുടങ്ങിയവ സ്ഥാപിക്കേണ്ടതാണ്. തീപിടുത്ത സാധ്യതയുള്ള കർട്ടൻ തുടങ്ങിയ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം. ഫയർ ആന്റ് സേഫ്റ്റി കമ്മിറ്റി അപകട സാധ്യതകൾ തിരിച്ചറിഞ്ഞ് അത് പരിഹരിക്കുകയും വേണം.

എത്രയും വേഗം എല്ലാ ആശുപത്രികളും ഇൻസിഡന്റ് റെസ്‌പോൺസ് ടീം രൂപീകരിച്ച് ജില്ലാ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. തീപിടുത്തം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ആശുപത്രികൾ സജ്ജമാക്കേണ്ടതാണ്.

ആശുപത്രിക്കുള്ളിൽ പുകവലി, രോഗീ പരിചരണത്തിനുള്ള വെള്ളം തിളപ്പിക്കുക, ചൂടാക്കുക, പാചകം എന്നിവ ഒഴിവാക്കേണ്ടതാണ്. മോക്ക് ഡ്രില്ലുകൾ നടത്തണം. കൂടാതെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവബോധം നൽകേണ്ടതാണ്.

ഐ.സി.യുവിനുള്ളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ശസ്ത്രക്രിയ നടത്തുന്നെങ്കിൽ ഫയർ ആന്റ് സേഫ്റ്റി മാനദന്ഡങ്ങൾ അനുസരിച്ച് മാത്രമേ അത്തരം ശസ്ത്രക്രിയകൾ നടത്താൻ പാടുള്ളു.