രക്തസാക്ഷി ഔഫിന്റെ കുടുബത്തെ അപമാനിച്ച ലീഗുകാരനെതിരെ കേസെടുത്തു

0
80

രക്തസാക്ഷി ഔഫ് അബ്ദുറഹ്മാന്റെ കുഞ്ഞിനെയും കുടുംബത്തെയും സോഷ്യൽ മീഡിയ വഴി അപമാനിച്ച കല്ലൂരാവിയിലെ പുതിയ കണ്ടം സുലൈമാന്റെ മകൻ കുഞ്ഞബ്ദുല്ല (35)ക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. നവ മാധ്യമങ്ങളിൽ കൂടി മറ്റുള്ളവരെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്തതിനാണ് ഐപിസി 153 , കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തത്.

രക്തസാക്ഷി ഔഫ് അബ്ദുറഹ്മാന്റെ കൊലപാതകത്തിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി എം ഇർഷാദിന്റെ അമ്മാവനാണ് കുഞ്ഞബ്ദുല്ല. ആവേശം കൊണ്ട് കുഞ്ഞിന് ഇവർ പിണറായി വിജയന്റെ പേരിടുമോ’ എന്ന്‌ ചോദിച്ചാണ്‌ കുഞ്ഞബ്ദുല്ല കുടുംബത്തെ പരിഹസിച്ചത്.

വോയ്സ് മെസേജിനെതിരെ അതിശക്തമായ പ്രതിഷേധമാണ് മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകരിൽ നിന്നുണ്ടായത്‌. ഔഫ് അബ്ദുറഹ്മാന്റെ അമ്മാവൻ കെ വി ഹുസൈൻ മുസ്‌ലിയാരാണ് പൊലീസിൽ പരാതി നൽകിയത്. സ്ഥലത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ലീഗുപ്രവർത്തകനായ കുഞ്ഞബ്ദുള്ള വോയ്സിട്ടതെന്നും പരാതിയിലുണ്ട്.