എൽഡിഎഫിന്റെ വിജയം അർഹിച്ചതും പ്രതീക്ഷിതവുമെന്ന് ജമാഅത്തെ ഇസ്ലാമി. ഭരണം തുടരട്ടെയെന്ന മനോഭാവമായിരുന്നു ജനങ്ങൾക്ക്. യുഡിഎഫാകട്ടെ നാഥനില്ലാപ്പട നായിപ്പട എന്ന ചൊല്ലുപോലെയായിരുന്നു – ജമാഅത്തെ ഇസ്ലാമി ആക്ഷേപിച്ചു. മുഖപത്രമായ മാധ്യമത്തിന്റെ ഓൺലൈനിലാണ് ജമാഅത്തെയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫിനെതിരെ നിന്ദ്യമായ വർഗീയ വിദ്വേഷ പ്രചാരണത്തിലൂടെ യുഡിഎഫിന് വോട്ട് തേടുകയായിരുന്നു ജമാഅത്തെ ഇസ്ലാമി. ഫലം വന്നശേഷം ജമാഅത്തെ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായില്ല. എന്നാൽ ജനങ്ങൾ ആഗ്രഹിച്ച വിജയമെന്ന് മാധ്യമത്തിലെ വിശകലനത്തിൽ സമ്മതിക്കുന്നുണ്ട്.
ഗ്രൂപ്പിസവും വഴക്കും തമ്മിലടിയുമായിരുന്നു യുഡിഎഫ് മുഖമുദ്ര. എൽഡിഎഫ് തികഞ്ഞ ആസൂത്രണത്തിൽ കെട്ടുറപ്പോടെ പ്രവർത്തിച്ചു. നിപ, പ്രളയം, കോവിഡ് കാലങ്ങളിലെല്ലാം നല്ല പ്രവർത്തനവുമായി താരതമ്യേന മികച്ച ഭരണമായിരുന്നു ഇടതുപക്ഷത്തിന്റേത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം അവർ ആവർത്തിച്ചു–- ജമാഅത്തെ നേതാവ് കൂടിയായ മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ വീഡിയോ പ്രഭാഷണത്തിൽ പറയുന്നു.