ഹിമാചൽ പ്രദേശിലേക്ക് പാസിന് അപേക്ഷിച്ചവരിൽ ട്രംപും ബച്ചനും; കേസെടുത്ത് പോലീസ്

0
84

പ്രമുഖ വ്യക്തികളുടെ പേരിൽ ഇ-പാസുകൾ നേടിയവർക്കെതിരേ ഹിമാചൽ പ്രദേശ് പോലീസ് കേസെടുത്തു. മുൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, നടൻ അമിതാഭ് ബച്ചൻ തുടങ്ങിയവരുടെ പേരുകളിൽ വ്യാജവിവരങ്ങൾ നൽകിയാണ് ചിലർ ഇ-പാസ് കരസ്ഥമാക്കിയത്. ഇവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും വ്യാജവിവരങ്ങൾ നൽകി ഇ-പാസ് എടുത്തവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഹിമാചൽ പ്രദേശിലേക്ക് പ്രവേശിക്കണമെങ്കിൽ ഇ-പാസ് നിർബന്ധമാക്കിയിരുന്നു. ഏപ്രിൽ 27 മുതലാണ് ഇത് നിലവിൽവന്നത്. എന്നാൽ ഇ-പാസ് പ്ലാറ്റ്ഫോമിൽ വ്യാജവിവരങ്ങൾ നൽകി പലരും പാസ് നേടുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ഡൊണാൾഡ് ട്രംപിന്റെ പേരിലും അമിതാഭ് ബച്ചന്റെ പേരിലുമെല്ലാമാണ് ചിലർ പാസ് സ്വന്തമാക്കിയിരിക്കുന്നത്. ഈ രണ്ട് പാസുകളിലും ഒരേ ആധാർ നമ്പറും മൊബൈൽ നമ്പറുമാണ് നൽകിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന ഐ.ടി. വകുപ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.