എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉറപ്പാക്കണം; എസ്‌എഫ്‌ഐ സുപ്രീംകോടതിയിൽ

0
83

എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ സുപ്രീംകോടതിൽ . വ്യക്തിഗത ആവശ്യങ്ങൾക്കായും മറ്റും ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾക്ക്‌ ജിഎസ്‌ടി ഒഴിവാക്കണമെന്നും എസ്‌എഫ്‌ഐ ജനറൽസെക്രട്ടറി മയൂഖ്‌ബിശ്വാസ്‌ ഹർജിയിൽ ആവശ്യപ്പെട്ടു.

കോവിഡ്‌ സാഹചര്യത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ഇടപെടൽഹർജിയാണ്‌ എസ്‌എഫ്‌ഐ സമർപ്പിച്ചത്‌. സർക്കാർ നിയന്ത്രണത്തിലുള്ള മരുന്നുകമ്പനികളിൽ വാക്‌സിൻ ഉൽപ്പാദിപ്പിക്കാനുള്ള സൗകര്യം ഉള്ളപ്പോൾ അത്‌ ഉറപ്പാക്കാൻ വേണ്ട നിർദേശം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.

2021 മെയ്‌ ഒന്നിന്‌ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുടെ ഇറക്കുമതിക്ക്‌ 21 ശതമാനം നികുതി ചുമത്തുമെന്ന്‌ കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്‌. നിലവിലെ ആരോഗ്യഅടിയന്തരാവസ്ഥാഘട്ടത്തിൽ ഓക്‌സിജന്‌ ആവശ്യക്കാർ ഏറെയാണ്‌.

ഓക്‌സിജൻക്ഷാമം പരിഹരിക്കാൻ പല രാജ്യങ്ങളിൽനിന്നും ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ഈ സാഹചര്യത്തിൽ അത്‌ സാധാരണക്കാർക്ക്‌ ലഭ്യമാകണമെങ്കിൽ ജിഎസ്‌ടി ഒഴിവാക്കണമെന്നും എസ്‌എഫ്‌ഐ ചൂണ്ടിക്കാട്ടി.