ഇറങ്ങുന്നത് നല്ലത്, അല്ലെങ്കിൽ അടിച്ചിറക്കേണ്ടി വരും: മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകൾ

0
83

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനങ്ങളുമായി തിരുവനന്തപുരത്ത് പോസ്റ്ററുകൾ. കെപിസിസി ഓഫീസിലെ അച്ചി ഭരണം അവസാനിപ്പിക്കുക, സുഖജീവിതം നയിച്ചത് മതി, ഇനിയും കടിച്ചു തൂങ്ങിയാൽ അടിച്ചിറക്കേണ്ടി വരും എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ വാചകങ്ങൾ. പാർട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയാൽ മതി എന്നും പോസ്റ്ററിലുണ്ട്. എംഎൽഎ ഹോസ്റ്റലിന് മുന്നിൽ സേവ് കോൺഗ്രസ്സിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് കാരണം കെപിസിസി ആണെന്നും മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. കോൺഗസ്സിലെ ഇരു ഗ്രൂപ്പുകളും ഇതേ ആവശ്യവുമായി കേന്ദ്രത്തെയും സമീപിച്ചിരുന്നു. പ്രചാരണ പ്രവർത്തനങ്ങളിൽ മുല്ലപ്പള്ളി പാലം വലിച്ചെന്ന പരാതിയും ഹൈക്കമാൻഡിന് മുന്നിലെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ മുല്ലപ്പള്ളിക്കെതിരെ എ ഗ്രൂപ്പ് പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ, കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ഉത്തരവാദിത്തം തന്റെ തലയിൽ മാത്രം കെട്ടിവെയ്ക്കുവാൻ നോക്കേണ്ടെന്നും തോൽ‌വിയിൽ എല്ലാവർക്കും പങ്കുണ്ടെന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചത്. തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പോസ്റ്ററുകൾ സ്ഥാപിക്കുന്നതിന് പിന്നിലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. തലസ്ഥാനത്തെ ചില എ ഗ്രൂപ് നേതാക്കളാണ് ഇതിനുപിന്നിലെന്നും മുല്ലപ്പള്ളി ഏറ്റവുമടുത്ത അനുയായികളുമായി പങ്കുവെച്ചിരുന്നു.