യാത്രാപാസ്സിന് ഇന്ന് വൈകിട്ട് മുതൽ ഓൺലൈനിൽ അപേക്ഷിക്കാം

0
87

 

 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പൂർണമായും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പൊാലീസ് യാത്രാപാസ്സ്‌ നിർബന്ധമാക്കി. പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്ന് വൈകുന്നേരത്തോടെ നിലവിൽ വരും. കേരള പൊലീസിന്റെ വെബ്‌സൈറ്റിലാണ് അപേക്ഷ സൗകര്യം ലഭ്യമാകുക.

പേര്, സ്ഥലം, യാത്രാ ഉദ്ദേശം,മൊബൈൽ ഫോൺ നമ്പർ എന്നിവ ഓൺലൈനിൽ പാസ്സിനായി അപേക്ഷിക്കുമ്പോൾ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്‌പെഷ്യൽ ബ്രാഞ്ചാണ് യാത്രാനുമതി നൽകുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി. വരികയും അനുമതി പത്രം ഫോണിൽ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാൻ സാധിക്കുക.

മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങൾക്കാണ് പാസ്സ് അനുവദിക്കുക. ദിവസ വേതനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്കും അപേക്ഷിക്കാം. നേരിട്ടോ തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.ആശുപത്രി ജീവനക്കാൻ, മാധ്യമ പ്രവർത്തകർ തുടങ്ങി അവശ്യ സേവന വിഭാഗങ്ങൾക്ക് പാസില്ലാതെയും യാത്ര ചെയ്യാം.

ഓൺലൈൻ സംവിധാനം ലഭ്യമാകുന്നതുവരെ സത്യ പ്രസ്താവനയോ തിരിച്ചറിയൽ കാർഡുകളോ ഉപയോഗിച്ച് ആളുകൾക്ക് യാത്ര ചെയ്യാം. അടിയന്തരമായി പാസ്സ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നൽകാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും.