വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ പ്രയാസമുള്ളവർ വാർഡ് തല സമിതിയെ ബന്ധപ്പെടണം: മുഖ്യമന്ത്രി

0
70

 

വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ പ്രയാസമുള്ളവർ വാർഡ് തല സമിതിയെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനം സജ്ജീകരിച്ച ഡൊമിസിലിയറി കെയർ സെന്റർ അവർക്ക് വേണ്ടി ലഭ്യമാക്കും. രോഗബാധിതരാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും സാധാരണ ഗതിയിൽ പ്രൈമറി കോണ്ടാക്ടായിരിക്കും.

അവർക്കാവശ്യമായ ഭക്ഷണം, മരുന്ന് ഉറപ്പുവരുത്തേണ്ടത് വാർഡ് തല സമിതിയുടെ ഉത്തരവാദിത്തമാണ്. രോഗികളാകുന്നവർ അവരുടെ വാർഡ്
അംഗങ്ങളുടെ നമ്പർ കൈയ്യിൽ കരുതണം. വീടുകളിൽ കഴിയുന്നവർക്ക് ശ്വാസതടസം അനുഭവപ്പെട്ടാൽ അവരെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണം. അത്തരം ഘട്ടത്തിൽ ഉടനെ ചെയ്യേണ്ടത് റാപിഡ് റെസ്‌പോൺസ് ടീമിനെ വിവരം അറിയിക്കണം.

ആർആർടി വിവരം ജില്ലാ കൺട്രോൾ യൂണിറ്റ് ഷിഫ്റ്റിങ് ടീമിനെ അറിയിക്കും. രോഗാവസ്ഥയുടെ സ്വഭാവം അനുസരിച്ച്‌ ഷിഫ്റ്റിങ് ടീം രോഗിയെ എങ്ങോട്ട് മാറ്റണമെന്ന് തീരുമാനിക്കും, മാറ്റും. ഇതിനായി ആംബുലൻസുകൾ എല്ലായിടത്തും വിന്യസിച്ചു.പഞ്ചായത്തുകളുടെ കീഴിലെ ആംബുലൻസുകൾ മറ്റ് വാഹനങ്ങൾ എന്നിവ കേന്ദ്രീകൃത പൂളിൽ ഏർപ്പെടുത്തി കൂടുതൽ ശക്തമാക്കി.ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഷിഫ്റ്റിങ് നോഡൽ ഓഫീസറെ നിയമിച്ചു.

ഓരോ വാർഡ് സമിതിയും കഴിയുമെങ്കിൽ ആരോഗ്യ സന്നദ്ധ സേന രൂപീകരിക്കണം. വയോമിത്രം യൂണിറ്റുകളുടെ സേവനം ഉപയോഗിക്കാം. നിലവിൽ 106 മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് ഈ പദ്ധതിയുടെ ഭാഗമായുള്ളത്. രോഗികളെ ആശുപത്രിയിലേക്ക് മാറ്റുമ്ബോൾ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദ്ദേശം ജില്ലാ കൺട്രോൾ സെന്ററാണ് നൽകുക.