തേജസ്വിസൂര്യ മിടുക്കനാണെന്ന് ശശി തരൂർ, കടുത്ത മാനസികരോഗിയെന്ന് സോഷ്യൽമീഡിയ, വെട്ടിലായി തരൂർ

0
91

 

ബെംഗളൂരുവിലെ കോവിഡ് വാർ റൂമിലെത്തി വർഗീയപരാമർശം നടത്തിയ ബിജെപി എംപിയും യുവമോർച്ച നേതാവുമായ തേജസ്വിസൂര്യയെ ന്യായീകരിക്കാൻ വന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് സമൂഹമാധ്യമങ്ങളുടെ വക പൊങ്കാല. തന്റെ യുവ സഹപ്രവർത്തകനായ തേജസ്വി സൂര്യ സമർത്ഥനും കഴിവുള്ളവനും ആണെന്നും പക്ഷേ ഇത്തരത്തിൽ ഉള്ള പെരുമാറ്റം ഒഴിവാക്കണമെന്നുമായിരുന്നു ആദ്യം തരൂർ ട്വീറ്റ് ചെയ്തത്.

എന്നാൽ, തേജസ്വിസൂര്യ മനുഷ്യത്വമില്ലാത്തവനാണെന്നും ദുഷ്ടനും ക്രൂരനായ മാനസിക രോഗിയാണെന്നും പ്രശസ്ത എഴുത്തുകാരൻ രാജു പരുലേക്കർ അടക്കമുള്ളവർ രംഗത്തുവന്നു. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ തരൂരിനെതിരെ രൂക്ഷ വിമർശനവും ഉയർന്നു.

ഇതോടെ തേജസ്വിയുടെ നടപടികളെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മതഭ്രാന്തിനെ നിസാരമായി കാണാനാകില്ലെന്നും ഉള്ള വിശദീകരണവുമായി തരൂർ രംഗത്തുവന്നു. പ്രതിഷേധം ശക്തമായതോടെ മതഭ്രാന്തിനെ നിസാരമായി കാണാനാകില്ല, വിമർശകരോട് യോജിക്കുന്നു എന്നാണ് തരൂർ വീണ്ടും ട്വീറ്റ് ചെയ്തത്.

ബെംഗളൂരു കോർപറേഷൻ പരിധിയിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് കിടക്കകൾ അനുവദിക്കുന്നതിൽ അഴിമതി ആരോപിച്ച്‌ തേജസ്വി സൂര്യ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വാർറൂമിലെ 212 ജീവനക്കാരിൽ 16 മുസ്‍ലിംകളുടെ പേരുകൾമാത്രം എടുത്തുപറഞ്ഞ സൂര്യക്കെതിരെ വൻപ്രതിഷേധം ഉയർന്നിരുന്നു. എന്തടിസ്ഥാനത്തിലാണ് മുസ്ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയിൽ ചോദിക്കുന്നുണ്ട്. ‘ഏത് ഏജൻസിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ഇപ്പോൾ തന്നെ അവരെ വിളിക്കണം.

എനിക്ക് അവരോട് ചോദിക്കണം’, എന്ന് തേജസ്വി സൂര്യ പറയുന്നുണ്ട്. ‘ജിഹാദികൾക്ക്’ ജോലി നൽകാൻ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്നും ഇയാൾ പറയുന്നുണ്ട്. തേജസ്വി പരാമർശിച്ച 16 മുസ്‍‌ലിം ജീവനക്കാരെ ഭീകരവാദികളായിവരെ ചിത്രീകരിച്ച്‌ സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷപ്രചരണം നടന്നു. ഇവരെ താൽക്കാലികമായി ജോലിയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്.