കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിൽ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാർ

0
48

ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങളുടേയും കിടക്കകളുടേയും ലഭ്യത ഉറപ്പാക്കുകയും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പൂർണമായി നടപ്പാക്കുകയും ചെയ്യുകയാണ് ഇവരുടെ പ്രധാന ഉത്തരവാദിത്തം.

സ്വകാര്യ ആശുപത്രികളിലെ ആകെ കിടക്കകളുടെ 50 ശതമാനം കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്നു ജില്ലാ കളക്ടർ നേരത്തേ ഉത്തരവിട്ടിരുന്നു. ഇങ്ങനെ ലഭിക്കുന്ന കിടക്കകളിൽ പകുതി എണ്ണം കെ.എ.എസ്.പി. പ്രകാരമുള്ള സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്ന രോഗികൾക്കു മാറ്റിവയ്ക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യം എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാർ കർശനമായി ഉറപ്പാക്കും. ഓരോ ആശുപത്രികളിലും ലഭ്യമാകുന്ന കിടക്കകളുടെ എണ്ണം ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുവഴി പൊതുജനങ്ങൾക്കു ലഭ്യമാക്കേണ്ട ഉത്തരവാദിത്തവും ഇവർക്കായിരിക്കും. ആശുപത്രികളിലേക്കുള്ള പ്രവേശനം തീർത്തും സുതാര്യമാക്കണം. ആളുകൾക്ക് കിടക്കകൾ ലഭിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കണമെന്നും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാർക്കു കളക്ടർ നിർദേശം നൽകി.

സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജൻ ലഭ്യതയും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാർ ഉറപ്പാക്കും. ഇതിനായി ആശുപത്രികളിലെ ഓക്‌സിജൻ സിലിണ്ടറുകളുടെ സ്‌റ്റോക്ക് പരിശോധന നടത്തും. ഓക്‌സിജൻ ആവശ്യകതയുണ്ടായാൽ ജില്ലാ ഓക്‌സിജൻ വാർ റൂമുമായി ബന്ധപ്പെട്ട് അടിയന്തരമായി ലഭ്യമാക്കും. എല്ലാ ആശുപത്രികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട് ലൈൻ ഉറപ്പാക്കും. കോവിഡ് ചികിത്സയുടെ ഭാഗമായി ജില്ലാ ഭരണകൂടവുമായുള്ള ആശയ വിനിമയത്തിന് എല്ലാ സ്വകാര്യ ആശുപത്രികളും ഒരു നോഡൽ ഓഫിസറെ നിയമിക്കണമെന്നു കളക്ടർ നിർദേശം നൽകിയിരുന്നു. ഈ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാർ അതത് ആശുപത്രികളിലെ കോവിഡ് ചികിത്സാ മാനേജ്‌മെന്റ് കൈകാര്യം ചെയ്യുമെന്നും കളക്ടർ അറിയിച്ചു.