തിരുവനന്തപുരത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട, 280 കിലോ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

0
94

കഴിഞ്ഞദിവസം തലസ്ഥാനത്തുനിന്നും നാനൂറ് കിലോ കഞ്ചാവ് പിടിച്ചതിനുപിന്നാലെ ശനിയാഴ്ച വീണ്ടും വൻ കഞ്ചാവുവേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 280 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് ആക്കുളം റോഡിൽ വച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച ലോറി പിടികൂടിയത്. മലപ്പുറം സ്വദേശി അജിനാസ്, ഇടുക്കി സ്വദേശി ബനാഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

പേപ്പർ ഗ്ലാസ് കൊണ്ടുവരുന്ന ലോറിയിൽ കടത്തുകയായിരുന്നു കഞ്ചാവ്. വെള്ളിയാഴ്ച തച്ചോട്ട്കാവിൽനിന്നും കഞ്ചാവുമായി അറസ്റ്റ് ചെയ്തവരിൽ നിന്നാണ് ശനിയാഴ്ച ലോറിയിൽ കഞ്ചാവ് കടത്തുമെന്ന വിവരം ലഭിച്ചത്. ഇതനുസരിച്ച് ദേശീയപാതയിൽ പരിശോധന കർശനമാക്കി. ഇതിനിടയിലാണ് ലോറി കടന്നുവന്നത്. എക്സൈസ് ഉദ്യോഗസ്ഥരെക്കണ്ട ലോറിയിലുണ്ടായിരുന്നവർ രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും രണ്ടുപേരെ പിടികൂടി. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്. ആന്ധ്രയിലെ രാജമണ്ഡ്രിയിൽ നിന്നാണ് ക‌ഞ്ചാവ് തലസ്ഥാനത്തേക്ക് എത്തിച്ചത്. തിരുമല സ്വദേശി ഹരി, വള്ളക്കടവ് സ്വദേശി അസ്കർ എന്നിവ‌രെ വെള്ളിയാഴ്ച 405 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ശ്രീകാര്യം സ്വദേശിക്കാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.