ഖത്തർ ധനകാര്യമന്ത്രി അലി ശരീഫ് അൽ ഇമാദി അറസ്റ്റിൽ

0
90

 

അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ ധനമന്ത്രി അലി ശരീഫ് അൽ ഇമാദിയെ അറസ്റ്റ് ചെയ്തു. ഖത്തർ ന്യൂസ് ഏജൻസിയാണ്‌ വാർത്ത റിപ്പോർട്ട് ചെയ്തത്‌. അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് അറസ്റ്റ്.

നേരത്തേ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ അറ്റോണി ജനറൽ ഉത്തരവിട്ടിരുന്നു. മന്ത്രിക്കെതിരേ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകളും റിപ്പോർട്ടുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. മന്ത്രിയെ ചോദ്യം ചെയ്ത് വരികയാണ്. സാമ്പത്തിക ക്രമക്കേട്, അധികാര ദുർവിനിയോഗം തുടങ്ങി അദ്ദേഹത്തിനെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ കുറിച്ചാണ് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത്.

ധനകാര്യമന്ത്രി അറസ്റ്റിലായ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ഉത്തരവാദിത്തങ്ങളിൽ നിന്ന് നീക്കം ചെയ്തതായി അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഓഫിസ് അറിയിച്ചു. പകരം വാണിജ്യ-വ്യവസായ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരിക്കാണ് ധനകാര്യ വിഭാഗം ചുമതല നൽകിയിരിക്കുന്നത്.