ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾ വീടുകളിൽ എത്തിക്കും: മുഖ്യമന്ത്രി

0
83

 

ലോക്ക്ഡൗണിൽ ജീവിതശൈലീരോഗങ്ങൾക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുമുള്ള മരുന്നുകൾ വീടുകളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അസുഖങ്ങൾക്കുള്ള ക്ലിനിക്കുകൾ കൊവിഡ് കാലത്തിന് മുന്നേ തുടങ്ങിയിരുന്നു. കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും മരുന്നുകൾ വീടുകളിലെത്തിക്കാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം അസുഖങ്ങൾ ഉള്ളവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഇ-ഹെൽത്ത് സംവിധാനം വഴി ഡാറ്റാബേസ് ഉണ്ടാക്കും. കൊവിഡ് സാഹചര്യം ഭാവിയിൽ ആവർത്തിച്ചാലും ഈ ഡാറ്റാബേസ് ഗുണം ചെയ്യും.

വികേന്ദ്രീകൃതമായ സാമൂഹിക ആരോഗ്യ സുരക്ഷാ സംവിധാനത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ട ആളുകളുടെ സുരക്ഷ ഉറപ്പാക്കും. വയോജനങ്ങൾ, ഭിന്നശേഷിക്കാർ മുതൽ ട്രാൻസ്ജെൻഡറുകൾ വരെ ഉള്ളവർക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി സുരക്ഷ ഒരുക്കണം.

സംസ്ഥാനത്ത് ഉണ്ടായിരുന്ന 995 വെൻ്റിലേറ്ററുകൾ 2293 ആയി ഉയർന്നു. ഐസിയു ബെഡുകൾ 1200 ൽ നിന്ന് 2857 ആയി കൂടി. ഇത് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്. ഇതിനു പുറമേ സ്വകാര്യ ആശുപത്രിയിലും മറ്റ് സംവിധാനങ്ങളുണ്ട്.

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യതയുടെ കാര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിച്ചു. എന്നാൽ, എന്തൊക്കെ ചെയ്താലും രോഗവ്യാപനം അനിയന്ത്രിതമായാൽ സർക്കാർ നിസ്സഹായരാകും എന്നതിന് വികസിത രാജ്യങ്ങളിലെ അവസ്ഥ ഉദാഹരണം ആണ്.