ടെലി മെഡിസിൻ സംവിധാനം ഇ സഞ്ജീവനി കോവിഡ് ഒപി ഇനി 24 മണിക്കൂറും

0
75

സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതൽ ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം 24 മണിക്കൂറുമാക്കിയിട്ടുണ്ട്.

കോവിഡ് നിരീക്ഷണത്തിലുള്ളവർ, ചികിത്സയിലുമുള്ളവർ, രോഗലക്ഷണമുള്ളവർ, രോഗ സംശയമുള്ളവർ ഉൾപ്പെടെ എല്ലാവർക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

ഇതിനായി കോവിഡ് ചികിത്സയിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരെ 24 മണിക്കൂറും നിയോഗിക്കുന്നതാണ്. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാൽ അവഗണിക്കാതെ ഇ സഞ്ജീവനിയിൽ വിളിച്ച് സംശയങ്ങൾ ദൂരീകരിക്കേണ്ടതാണ്.

ഇതിലൂടെ വേണ്ട റഫറൻസും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല രോഗം മൂർച്ഛിക്കാതെ ഇവരെ ആശുപത്രിയിലെത്താനും സഹായിക്കുന്നു.

കോവിഡ് ഒപി സേവനം കൂടാതെ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ 35ൽ പരം വിവിധ ഒ.പി. സേവനങ്ങളും ലഭ്യമാകുന്നു. തുടർ ചികിത്സയ്ക്കും പാലിയേറ്റീവ് കെയർ സ്റ്റാഫുകൾക്കും ഉൾപ്പെടെ എല്ലാവർക്കും ഇ സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്.

ലക്ഷണമില്ലാത്തവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരമാവധി വീട്ടിലിരിക്കുന്നതാണ് രോഗം നിയന്ത്രിക്കാനുള്ള പോംവഴി. ആരിൽ നിന്നും ആരിലേക്കും രോഗം പകരുന്ന അവസ്ഥയാണുള്ളത്. ഈയൊരു സാഹചര്യത്തിൽ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്നതാണ് ഇ സഞ്ജീവനി. ഇ സഞ്ജീവനിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം 1300ലധികമായി ഉയർന്നിട്ടുണ്ട്.

കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങൾ നൽകി വരുന്നു. ഫിസിക്കൽ മെഡിസിൻ അസോസിയേഷനും തൃശൂരിലെ സ്വകാര്യ ഒഫ്താൽമോളജിസ്റ്റുമാരും സ്‌പെഷ്യലിറ്റി ഒപികളുടെ സേവനം നൽകാൻ താത്പര്യമറിയിച്ചിട്ടുണ്ട്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_USമൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം.

ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.

തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങൾക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരിൽ വിളിക്കാവുന്നതാണ്.