BREAKING..മാലിദ്വീപ് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നഷീദിന് സ്ഫോടനത്തില്‍ പരിക്ക്

0
87

മാലിദ്വീപ് മുന്‍ പ്രസിഡന്റും നിലവിൽ മാലിദ്വീപ് പാര്‍ലമെന്‍റ് സ്പീക്കറുമായ മുഹമ്മദ് നഷീദിന് സ്ഫോടനത്തില്‍ പരിക്ക്. മാലിദ്വീപ് തലസ്ഥാനമായ മാലെയിലെ നീലോഫെരു മാഗു എന്ന സ്ഥലത്ത് നഷീദിന്റെ കാറിനടുത്താണ് സ്ഫോടനം നടന്നത്. നഷീദ് കാറിലേക്ക് കയറാൻ വരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് വാർത്ത ഏജൻസികളും മാലി സ്റ്റേറ്റ് ടെലിവിഷനും റിപ്പോർട്ട് ചെയ്തു. നഷീദിന്റെ സുരക്ഷാഭടനും ഒരു വിദേശ വിനോദ സഞ്ചാരിക്കും പരിക്കേറ്റു. കാറിനടുത്ത് തന്നെ നിർത്തിയിട്ട ഒരു മോട്ടോർബൈക്കിലാണ് സ്‌ഫോടകവസ്തു വെച്ചതെന്നാണ് പ്രാഥമിക നിഗമനം.
മുഹമ്മദ് നഷീദിനെ തലസ്ഥാനത്തെ എഡികെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് വിദഗ്ധ ചികില്‍സ ആവശ്യമുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്ക് സരമുള്ളതാണോ എന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ശക്തമായ സ്ഫോടനമായിരുന്നുവെന്നും ഉഗ്രശബ്ദത്തോടെയാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. സ്ഫോടനം നടന്ന സ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് കനത്ത സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി.