ഹൈദരാബാദിലേക്കുള്ള എയര്‍ ആംബുലന്‍സിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ്. നാഗ്പൂരില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇതോടെ മുംബൈ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇവിടെ വിമാനത്താവളത്തിൽ ഇറക്കുന്നതിനായി ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനാൽ പൈലറ്റ് ബെല്ലി ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിന്റെ മുന്‍വശത്തെ ടയര്‍ ഊരിപ്പോയതോടായാണ് അതിസാഹസികമായി അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
ബീച്ച്ക്രാഫ്റ്റ് വിടി-ജെഐഎല്‍ വിമാനമാണ് മുംബൈയില്‍ ബെല്ലി ലാന്‍ഡിംഗ് നടത്തിയത്. വ്യാഴാഴ്ച രാത്രി 9.09നായിരുന്നു സംഭവം. ഒരു രോഗിയും ഡോക്ടറും രോഗിയുടെ ബന്ധുവും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ച് പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. നാഗ്പൂരില്‍നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന എയര്‍ ആംബുലന്‍സ് മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടാൻ ഫയർ എഞ്ചിനുകളും ആംബുലൻസുകളും തയാറാക്കി നിർത്തിയിരുന്നു.