പ്രതിപക്ഷ നേതൃത്വം, തമ്മിലടിയവസാനിപ്പിക്കാൻ ഹൈക്കമാന്റ് സംഘം കേരളത്തിലേക്ക്

0
79

 

കേരളത്തിൽ കോൺഗ്രസ്സിനേറ്റ കനത്ത തോൽവിക്ക് പിന്നാലെയും ഗ്രൂപ്പ് സംഘര്ഷങ്ങള് തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്റിന്റെ ഇടപെടൽ. പ്രതിപക്ഷ നേതൃത്വ സ്ഥാനത്തെ ചൊല്ലി എ ഐ ഗ്രൂപ്പുകൾ പരസ്യമായി പോരിലേക്ക് നീങ്ങുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്‌ണനെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.

തിരുവഞ്ചൂരിനെക്കാൾ മികച്ച നേതാവാണ് വി.ഡി.സതീശൻ എന്നും, അതിനാൽ വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നുമാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. തർക്കം രൂക്ഷമായതോടെ തെരഞ്ഞെടുപ്പ് തോൽവിയിലേതിന് സമാനമായ സംഘടനാ പ്രതിസന്ധി നേരിടുകയാണ് കോൺഗ്രസ്സ്. ഈ സാഹചര്യത്തിലാണ് തർക്കം പരിഹരിക്കാൻ ഹൈക്കമാന്റ് രണ്ടംഗ സംഘത്തെ കേരളത്തിലേക്ക് അയക്കുന്നത്.

എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മല്ലികാർജുൻ ഖാർഗെ, എസ്.വൈദ്യലിംഗം എന്നിവരാണ് കേരളത്തിലെ തർക്കം പരിഹരിക്കാനെത്തുന്നത്. ഇരുവരും ഈ മാസം പതിനാറിന് ശേഷം ഇവർ കേരളത്തിലെത്തുമെന്നാണ് വിവരം.

കോൺഗ്രസ്സിന്റെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുക, പ്രതിപക്ഷ നേതൃത്വം സംബന്ധിച്ച തീരുമാനം എടുക്കുക, തുടങ്ങി ഭാരിച്ച ചുമതലയാണ് ഇരുവർക്കും കേരളത്തിൽ നിർവഹിക്കാനുള്ളത്. അതേസമയം ഹൈക്കമാന്റ് നീക്കത്തിന് മുന്നേ കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തമ്പാനൂർ രവിയുടെ വസിതിയിൽ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേർന്നിരുന്നു.

ഉമ്മൻ ചാണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ, തമ്പാനൂർ രവി, ബെന്നി ബെഹനാൻ, എം എം ഹസ്സൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിൽ വാൻ ഇടിവ് വന്നത് സംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശ്വസ്തരെ ഒപ്പം നിർത്തി യോഗം വിളിച്ചത് എന്നാണ് റിപ്പോർട്ടുകൾ.