തെരഞ്ഞെടുപ്പ്‌ ഫലം ബിജെപിക്ക്‌ കനത്ത തിരിച്ചടി : സിപിഐ എം

0
158

 

കേരളം, ബംഗാൾ, തമിഴ്‌നാട്‌, അസം എന്നീ നാല്‌ പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലം ബിജെപിക്ക്‌ കനത്ത തിരിച്ചടിയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ വിലയിരുത്തി. തീവ്രവർഗീയ ധ്രുവീകരണത്തിന്‌ പരമാവധി ശ്രമിക്കുകയും വലിയ പണം ചെലവഴിക്കുകയും കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയും തെരഞ്ഞെടുപ്പ്‌ സംവിധാനങ്ങളിൽ കൃത്രിമം നടത്തുകയും ചെയ്‌തിട്ടും ജനപിന്തുണ ആർജിക്കുന്നതിൽ ബിജെപി പരാജയപ്പെടുകയും വ്യക്തമായ തോൽവി ഏറ്റുവാങ്ങുകയും ചെയ്‌തു.

ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടത്തുന്നതിനും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ–- ജനാധിപത്യ സ്വഭാവം സംരക്ഷിക്കുന്നതിനുമായി നിലകൊള്ളുന്ന രാജ്യത്തെ ജനകീയ പ്രസ്ഥാനങ്ങളെയും പോരാട്ടങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം.

കേരളം
കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഗംഭീര വിജയത്തെ പിബി പ്രകീർത്തിച്ചു. ഇടതുപക്ഷത്തിൽ ഒരിക്കൽ കൂടി വിശ്വാസമർപ്പിക്കുകയും അടുത്ത സർക്കാർ രൂപീകരണത്തിനായി തെരഞ്ഞെടുക്കുകയും ചെയ്‌ത കേരളത്തിലെ ജനങ്ങളെ പിബി നന്ദി അറിയിച്ചു. നാല്‌ ദശകത്തിനിടെ ഇതാദ്യമായാണ്‌ നിലവിലെ സർക്കാർ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം നേടാൻ ഇടതുപക്ഷത്തിനായി.

സർക്കാരിന്റെ പ്രകടനത്തിനും സ്വീകരിച്ച ബദൽ നയങ്ങൾക്കും പ്രകൃതിക്ഷോഭങ്ങളെയും മഹാമാരികളെയും കൈകാര്യം ചെയ്‌ത മികവിനും ക്ഷേമപ്രവർത്തനങ്ങൾക്കും മതനിരപേക്ഷ ജനാധിപത്യ സൗഹാർദ ഘടന സംരക്ഷിച്ചതിനുമാണ്‌ കേരളത്തിലെ ജനങ്ങൾ വോട്ടുചെയ്‌തത്‌.

ബംഗാൾ
പണാധികാരവും കൃത്രിമങ്ങളുമെല്ലാം പയറ്റിയിട്ടും ബംഗാളിൽ ബിജെപിക്ക്‌ കനത്ത തിരിച്ചടിയേറ്റു. വർഗീയ ധ്രുവീകരണത്തിന്റെ ആശയത്തെ ബംഗാൾ വളരെ വ്യക്തമായി തള്ളിക്കളഞ്ഞു. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതായി. ബിജെപിയെ തോൽപ്പിക്കാൻ ജനങ്ങൾ പ്രകടമാക്കിയ ത്വര തൃണമൂലിനും ബിജെപിക്കുമിടയിൽ കടുത്ത ധ്രുവീകരണത്തിന്‌ വഴിവയ്‌ക്കുകയും സംയുക്ത മുന്നണിയെ അപ്രസക്തമാക്കുകയും ചെയ്‌തു. തോൽവിയെക്കുറിച്ച്‌ വളരെ ഗൗരവത്തിലുള്ള സ്വയംവിമർശനാത്‌മകമായ പുനരവലോകനം നടത്തുകയും ആവശ്യമായ പാഠങ്ങൾ സ്വീകരിക്കുകയും ചെയ്യും.

തമിഴ്‌നാട്‌
ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണി തമിഴ്‌നാട്ടിൽ മികച്ച വിജയം നേടി. എഐഡിഎംകെ–- ബിജെപി സഖ്യത്തെ തള്ളിയ തമിഴ്‌ ജനത എഐഡിഎംകെ സർക്കാരിനെ താഴെയിറക്കി.

അസം
ബിജെപിക്ക്‌ അധികാരം നിലനിർത്താനായത്‌ അസമിൽ മാത്രമാണ്‌. എന്നാൽ, വോട്ടുവിഹിതത്തിൽ ബിജെപി സഖ്യവും ഇടതുപക്ഷം ഉൾപ്പെടുന്ന മഹാസഖ്യവും തമ്മിൽ വലിയ വ്യത്യാസമില്ല–- പിബി പ്രസ്‌താവനയിൽ പറഞ്ഞു.