ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സംസ്‌ക്കാരം ഇന്ന്

0
72

മലങ്കര മാർത്തോമ്മാ സഭാ വലിയ മെത്രാപ്പോലീത്ത ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കും. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കൊവിഡ് നിയന്ത്രണം കാരണം നഗരം ചുറ്റൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാവില്ല.

മാർത്തോമ്മാ സഭ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഇന്ന് അന്തിമോപചാരമർപ്പിക്കും. സംസ്‌കാര ചടങ്ങുകൾ വിശ്വാസികൾ വീട്ടിലിരുന്ന് കാണണമെന്നാണ് സഭാ നേതൃത്വത്തിന്റെ നിർദ്ദേശം.

ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലീത്തയായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുമ്പനാട്ടുള്ള മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പത്തനംതിട്ട ഇരവിപേരൂർ കലകമണ്ണിൽ കെ.ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം. ആദ്യ പേര് ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു. കോഴഞ്ചേരി, ആലുവ എന്നിവിടങ്ങളിൽ സ്‌കൂൾ കോളേജ് പഠനം. ബാംഗ്ലൂർ യുണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ് അഗസ്റ്റിൻ കോളജ് എന്നിവിടങ്ങളിൽ ഉപരിപഠനം. 1944ൽ പട്ടക്കാരനായും 59ൽ സഭയുടെ എപ്പിസ്‌കോപ്പയായും ചുമതലയേറ്റു.

1999ൽ ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ മെത്രപ്പോലീത്തയുടെ പിൻഗാമിയായി സഭയുടെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തി. 2007ൽ പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനം ഒഴിഞ്ഞു. തുടർന്നുള്ള രണ്ടര പതിറ്റാണ്ട് വലിയ മെത്രാപൊലീത്ത എന്ന സ്ഥാനത്ത് അദ്ദേഹം പൊതു സമൂഹത്തിൽ സജീവമായിരുന്നു.

ഒരു സമൂഹത്തെയാകെ ചിന്തയുടെയുടെയും അന്വേഷണത്തിന്റെയും ആത്മീയ വഴിയിൽ നയിച്ച മഹത് വ്യക്തിയാണ് മാർ ക്രിസോസ്റ്റം. ലോകത്തിലെ പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവസഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയചാര്യനുമായിരുന്നു അദ്ദേഹം.

2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യൻമാരിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാളാണ്. കാലവും ചരിത്രവും ജന സഹസ്രങ്ങളും എന്നും ഓർമിക്കുന്ന പേരായി മാറുകയാണ് മാർ ക്രിസോസ്റ്റം എന്ന വലിയ തിരുമേനി.