പിണറായി വിജയനിലെ ക്യാപ്റ്റന്‍സി സത്യം; ഇടത് വിജയത്തെ പ്രശംസിച്ച്‌ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം

0
62

പ്രതിസന്ധികളില്‍ കൂടെയുള്ള സര്‍ക്കാരിന്റെ ഏറ്റവും ജനകീയമുഖം പിണറായി വിജയന്റേതാണെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. നാല്പതു വര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചപ്പോള്‍ രാഷ്ട്രീയ കേരളം കൗതുകപ്പെട്ടത് അതിന്റെ ചരിത്രപരമായ അപൂര്‍വ്വതകൊണ്ട് മാത്രമല്ല, അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍കൊണ്ടു കൂടിയാണ്. മറ്റൊരു സര്‍ക്കാരും നേരിട്ടിട്ടില്ലാത്ത പ്രശ്‌നങ്ങളിലൂടെയാണ് പിണറായി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവർഷം സഞ്ചരിച്ചത്. ഇനിയും അവസാനിച്ചിട്ടില്ലാത്ത കൊവിഡ് പോലുള്ള ഗുരുതരമായ പ്രശ്നങ്ങളെ മറികടക്കണമെങ്കില്‍ പിണറായി വിജയന്റേതുപോലുള്ള ഉറച്ച നേതൃത്വം ആവശ്യമാണെന്ന തിരിച്ചറിവാണ് കേരളത്തില്‍ വീണ്ടും ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ചതെന്നാണ് സത്യദീപം ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയനിലെ ക്യാപ്റ്റന്‍സി സത്യമാണെന്ന് തെളിഞ്ഞു. പത്രസമ്മേളനങ്ങളിലെ ധൈര്യപ്പെടുത്തുന്ന സ്വാധീനം ആശ്വാസത്തിന്റേതായിരുന്നുവെന്നും മുഖപത്രത്തിലുണ്ട്. ഇടത് വിജയത്തെ മുക്തകണ്ഠം സത്യദീപം പ്രശംസിക്കുന്നു.
അതേസമയം, യു ഡി എഫ് നേതൃത്വത്തെ നിശിതമായി വിമർശിക്കുന്നു പത്രം. നേതൃ ശൂന്യത യുഡിഎഫിന് ബാധ്യതയായെന്നും നേരിന്റെ രാഷ്ട്രീയം നടത്താന്‍ ബിജെപി ഇനിയും പഠിക്കേണ്ടതുണ്ടെന്നും മുഖപത്രത്തില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വിളിച്ചു ചേര്‍ക്കപ്പെടുന്ന ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറി. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ആത്മധൈര്യമില്ലാത്തതിനാല്‍ വീതം വെയ്പ് രാഷ്ട്രീയമാണ് കോൺഗ്രസിന്റേതെന്നും വിമർശിച്ചു. ബിജെപിക്കാകട്ടെ വര്‍ഗ്ഗീയതയുടെ രാഷ്ട്രീയത്തിന് കേരളത്തില്‍ സ്ഥാനമില്ലെന്ന് ഈ തെരെഞ്ഞടുപ്പ് തെളിയിച്ചു. എത്ര ഉന്നതശീര്‍ഷനും വര്‍ഗ്ഗീയ പാര്‍ട്ടിയുമായി സന്ധി ചെയ്യുമ്പോൾ ‘സംപൂജ്യ’നാകുമെന്നതിന്റെ ഉദാഹരണമാണ് ഇ ശ്രീധരന്റെ പരാജയം. ഭൂരിപക്ഷ/ന്യൂനപക്ഷ വര്‍ഗ്ഗീയതയെ വെളിയില്‍ നിര്‍ത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടുണ്ടെന്നും. നിലവില്‍ 99 എന്ന മഹാഭൂരിപക്ഷം മഹത്തായ കാര്യങ്ങള്‍ ചെയ്യാനുള്ള മാർഗനിർദ്ദേശമാണെന്നും സത്യദീപം മുഖപത്രത്തില്‍ പറയുന്നു.