രാജ്യത്തെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ചയുണ്ടായെന്ന് സുപ്രീംകോടതിയുടെ വിമർശനം. ഓക്സ്ജിൻ കിട്ടാതെ ആളുകൾ മരിക്കുന്നത് കേന്ദ്രത്തിനും നിഷേധിക്കാനാവില്ല. കേന്ദ്രം പലതും ചെയ്യുന്നുണ്ടെങ്കിലും വീഴ്ചയുണ്ടായെന്ന് കോടതി വിമർശിച്ചു.
ഓക്സിജൻ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. ഓക്സിജൻ ലഭ്യത നിരീക്ഷിക്കുന്നതിനുള്ള ഡൽഹി ഹൈക്കോടതിയുടെ അധികാരത്തിന് സ്റ്റേ തടസമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഓക്സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ മുംബൈ മുൻസിപ്പാലിറ്റി സ്വീകരിച്ച നടപടി കണ്ടുപഠിക്കാൻ നിർദേശിച്ച കോടതി ഡൽഹിക്ക് നൽകുന്ന ഓക്സിജൻറെ കണക്ക് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പ്രതിദിന രോഗബാധിതർ ഉയരുകയാണെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.