കോവിഡ് ചികിത്സാ സൗകര്യം: ആറു സ്വകാര്യ ആശുപത്രികൾക്കു കാരണം കാണിക്കൽ നോട്ടിസ്

0
43

50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികൾക്കു കാരണം കാണിക്കൽ നോട്ടിസ്.

24 മണിക്കൂറിനകം ആശുപത്രികൾ മതിയായ കാരണം കാണിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമ പ്രകാരവും പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും നടപടി സ്വീകരിക്കുമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കോവിഡ് വ്യാപന സാഹചര്യത്തിൽ ജില്ലയിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായാണു സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശം നൽകിയത്.

ചില ആശുപത്രികൾ ഇതു പാലിക്കുന്നില്ലെന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു കാരണം കാണിക്കൽ നോട്ടിസ് നൽകിയതെന്നു ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ പറഞ്ഞു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോവിഡ് വാർഡ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് വാർഡ് തുറന്നു. നിയുക്ത എം.എൽ.എ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ജലീൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. സുനിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നെടുമങ്ങാട് മുനസിപ്പൽ ചെയർപേഴ്‌സൺ പി.എസ്. ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം എ. മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ്, നെടുമങ്ങാട് ആശുപത്രി സൂപ്രണ്ട് ഡോ. അഷ്‌റഫ്, അഡ്വ. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പേരൂർക്കട, നെയ്യാറ്റിൻകര ജില്ലാ ആശുപത്രികളിലും കോവിഡ് വാർഡുകൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അറിയിച്ചു. കോവിഡ് വാർഡിലുള്ളവരുടെ ചികിത്സാ ചെലവുകളും ഭക്ഷണവും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും. ചികിത്സയുടെ ഭാഗമായുള്ള ആന്റിജൻ കിറ്റ്, പി.പി.ഇ കിറ്റ്, തെർമൽ സ്‌കാനർ തുടങ്ങിയവ വാങ്ങി നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.

ജില്ലയിൽ കോവിഡ് ചികിത്സയ്ക്കു കൂടുതൽ സൗകര്യങ്ങൾ

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വെള്ളറട രുഗ്മിണി മെമ്മോറിയൽ ആശുപത്രിയെ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കിയതായി(സി.എസ്.എൽ.റ്റി.സി) ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇവിടെയുള്ള 300 കിടക്കകളിൽ 225 എണ്ണം സി.എസ്.എൽ.റ്റി.സിക്കായും 50 എണ്ണം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള രോഗികൾക്കായും മാറ്റിവയ്ക്കും. 25 കിടക്കകൾ ആശുപത്രിയിൽ നേരിട്ടെത്തുന്ന കോവിഡ് രോഗികൾക്കു നൽകും. കോവിഡ് രോഗികളുടെ ബ്ലോക്ക് ഒഴിച്ച് മറ്റുള്ള സ്ഥലങ്ങളിൽ നോൺ കോവിഡ് ഒ.പി പ്രവർത്തിപ്പിക്കും. ആവശ്യമെങ്കിൽ 300 കിടക്കകളും സി.എസ്.എൽ.റ്റി.സിക്കായി ഏറ്റെടുക്കും.

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ തിരുവനന്തപുരം, ചിറയിൻകീഴ് താലൂക്കുകളിൽ രണ്ടുവീതം ഡി.സി.സികൾ(ഡൊമിസിലറി കെയർ സെന്റർ)ഏറ്റെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ 250 കിടക്കകൾ ഉണ്ടാകും. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഇവിടെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും ഡി.സി.സികളിൽ ആവശ്യമായ ജീവനക്കാരെ ഉടൻ നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.