ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങൾക്കു ജപ്പാനിൽ തുടക്കമായി

0
122

 

ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങൾക്കു ജപ്പാനിൽ തുടക്കമായി.കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് യോഗ്യതാ മത്സരങ്ങൾ നടത്തുന്നത്. ഒളിംപിക് യോഗ്യതാ മത്സരം കൂടിയായ ഡൈവിങ് ലോകകപ്പിൽ 50 രാജ്യങ്ങളിൽനിന്നായി 200ൽ അധികം താരങ്ങൾ പങ്കെടുക്കുന്നുണ്ട്.

വോളിബോൾ ടൂർണമെന്റിലും ചൈനയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കെടുക്കുന്നു. കോവിഡ് മൂലം ഈ വർഷത്തേക്കു മാറ്റിയ ഒളിംപിക്‌സ് ജൂലൈ 23നാണു തുടങ്ങുന്നത്. ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണു മത്സരങ്ങൾ അരങ്ങേറുന്നത്. താരങ്ങളെ ദിവസവും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കുമെന്നാണ് അറിയിപ്പ്.

സ്മാർട് ഫോണുകളിൽ പ്രത്യേക ആപ്പും കോവിഡ് നിരീക്ഷണത്തിനായി ഇൻസ്റ്റാൾ ചെയ്യണമെന്നു നിർദേശമുണ്ട്. പരിശീലനത്തിനും ഭക്ഷണത്തിനും മത്സരത്തിനുമായല്ലാതെ താരങ്ങൾക്കു മുറിക്കു പുറത്തിറങ്ങാൻ അനുവാദമില്ല. പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ഡൈവിങ് മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുൻപാണു മത്സരവേദിയായ ടോക്കിയോ അക്വാട്ടിക് സെന്റർ സ്ഥിതിചെയ്യുന്ന മേഖലയിൽ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളില്ലെന്നാണു റിപ്പോർട്ട്. കോവിഡ് ഭീതിമൂലം ഡൈവിങ് ലോകകപ്പിൽനിന്ന് ഓസ്‌ട്രേലിയ നേരത്തേ പിൻമാറിയിരുന്നു.