ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന മുന്നണിക്ക്‌ ഉജ്വല വിജയം

0
94

 

തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന മുന്നണിക്ക്‌ ഉജ്വല വിജയം. 234 സീറ്റുകളിൽ 158 ൽ മതനിരപേക്ഷമുന്നണിയും 71 ൽ എഐഎഡിഎംകെ മുന്നണിയും മുന്നിട്ട്‌ നിൽക്കുന്നു. ഡിഎംകെ തനിച്ച്‌ 132 സീറ്റിൽ മുന്നിലാണ്‌. കേവലഭൂരിപക്ഷം കടക്കാൻ അതുമാത്രം മതി. പത്തുവർഷത്തിനുശേഷമാണ്‌ തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തുന്നത്‌.

സംസ്ഥാനത്ത്‌ എഐഡിഎംകെയെ കൂട്ടുപിടിച്ച്‌ സാന്നിധ്യം അറിയിക്കാനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടു. 20 സീറ്റിൽ മത്സരിച്ച ബിജെപി നാലുസീറ്റിൽമാത്രമാണ്‌ മുന്നിട്ട്‌ നിൽക്കുന്നത്‌. 142 സീറ്റിൽ മത്സരിച്ച നടൻ കമൽ ഹാസന്റെ മക്കൾ നീതിമയ്യത്തിന്‌ ദയനീയ തോൽവിയാണ്‌ ഏറ്റുവാങ്ങേണ്ടി വന്നത്‌.

നടൻ ശരത്‌ കുമാറിന്റെ പാർടിക്കും സാന്നിധ്യം അറിയിക്കാനേ സാധിച്ചില്ല. ശശികലയുടെ അനന്തരവൻ ടി ടി വി ദിനകരന്റെ അമ്മാമക്കൾ മുന്നേറ്റ കഴകവുമായി സഖ്യം ഉണ്ടാക്കി മത്സരിച്ച നടൻ വിജയകാന്തിന്റെ ഡിഎംഡികെയും അമ്മാമക്കൾ മുന്നേറ്റ കഴകവും വൻ പരാജയം ഏറ്റുവാങ്ങി.

മതനിരപേക്ഷ പുരോഗമന മുന്നണിയിൽ സിപിഐ എമ്മിന്‌ രണ്ടു സീറ്റും സിപിഐക്ക്‌ രണ്ടു സീറ്റും വിടുതലൈ സിറുന്തൈകൾക്ക്‌ നാലും വൈകോയുടെ എംഡിഎംകെയ്‌ക്ക്‌ നാലുസീറ്റും നേടാനായി. മറ്റ്‌ ചില പാർടികൾ ഉദയസൂര്യൻ ചിഹ്നത്തിലാണ്‌ മത്സരിച്ചത്‌. കീഴ്‌വേളൂരിൽ സിപിഐ എം ജില്ലാസെക്രട്ടറി നാഗൈമാലിയും ഗന്ധർവകോട്ടയിൽ സിപിഐ എമ്മിലെ എം ചിന്നദുരൈയും വിജയിച്ചു.

കൊളത്തൂരിൽ ഡിഎംകെ അധ്യക്ഷനും ഭാവിമുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ, തിരുവല്ലിക്കേണി‐ ചെപ്പോക്കിൽ മകൻ ഉദയനിധി സ്റ്റാലിൻ, ആയിരംവിളക്ക്‌ ഡോ. എൻ ഏഴിലൻ എന്നിവർ വൻ വിജയം നേടി. നാഗപട്ടണം ജില്ലയിലെ കീഴ്‌വേളൂരിൽ സിപിഐ എം ജില്ലാസെക്രട്ടറി നാഗൈമാലിയും ഗന്ധർവകോട്ടയിൽ സിപിഐ എമ്മിലെ എം ചിന്നദുരൈയും വിജയിച്ചു. തളി, തിരുത്തുറൈപൂണ്ടി എന്നിവിടങ്ങളിൽ സിപിഐ വിജയിച്ചു.

സേലം എടപ്പാടിയിൽ മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി, ബോഡി നായ്‌ക്കനൂരിൽ ഉപമുഖ്യമന്ത്രി ഒ പന്നീർ ശെൽവം എന്നിവർ വിജയിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ മുരുകൻ, ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എച്ച്‌ രാജാ, തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിൽ ചേർന്ന നടി കുശ്‌ബു, മന്ത്രിമാരായ ഡി ജയകുമാർ, കാമരാജ്‌, ബെഞ്ചമിൻ, പാണ്ഡ്യരാജൻ, എം സി സമ്പത്ത്‌, സി വി ഷൺമുഖം, രാജേന്ദ്രബാലാജി, ഒ എസ്‌ മണിയൻ അടക്കം ദയനീയ തോൽവി ഏറ്റുവാങ്ങി. ചെന്നൈയിലെ 16 സീറ്റിലും ഡിഎംകെ മുന്നേറി.

കമൽ ഹാസൻ തോറ്റു .മക്കൾ നീതി മയ്യം പൂജ്യം

മക്കൾ നീതി മയ്യം പാർടി രൂപീകരിച്ച്‌ രാഷ്‌ട്രീയത്തിലിറങ്ങിയ സൂപ്പർ താരം കമൽഹാസന്‌ കോയമ്പത്തൂർ സൗത്തിൽ തോൽവി. ബിജെപിയിലെ വാനതിശ്രീനിവാസന് 1358 വോട്ടിന് ജയിച്ചു. മത്സരിച്ച 154 സീറ്റിലും എംഎൻഎം സ്ഥാനാർത്ഥികൾ തോറ്റു. സഖ്യത്തിലുണ്ടായിരുന്ന നടൻ ശരത്‌കുമാറിന്റെ പാർടിക്കും ഐജെകെ പാർടിക്കും സാന്നിധ്യമറിയിക്കാനായില്ല. ടിടിവി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും പച്ചതൊട്ടില്ല. നടൻ സീമാന്റെ നാംതമിഴർ കക്ഷിക്ക്‌ സീറ്റില്ല. തമിഴ്‌മാനില കോൺഗ്രസിന്‌ ഒരു സീറ്റും ലഭിച്ചില്ല.