നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളുമെന്ന് എംഎസ്‌എഫ്. തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുസ്ലിം ലീഗ് നേതൃത്വത്തിന് എതിരെ വിമര്‍ശനവുമായി അണികള്‍. ‘രാജാക്കന്‍മാര്‍ നഗ്നരാണ്’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ ലേഖനത്തിലാണ് എംഎസ്‌എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി വി പി അഹമ്മദ് സഹീര്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വത്തിന് ആണെന്ന് അദ്ദേഹം കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ മുഖ്യ കാരണക്കാര്‍ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയുമാണ്. സമുദായത്തിന്റെ പേരും പറഞ്ഞ് മേനി നടിക്കുന്ന പാര്‍ട്ടിയില്‍ തിരുത്തുന്നത് പോയിട്ട് ഒരു അഭിപ്രായം പോലും പറയാന്‍ ധൈര്യമുണ്ടാവാറില്ല. അത്രമേല്‍ ഉണ്ട് പാര്‍ട്ടിക്കകത്ത് ജനാധിപത്യം. രാജാവ് നഗ്നനാണെന്ന് പറയാനുളള ധൈര്യം നമ്മില്‍ പലര്‍ക്കും ഉണ്ടാവണമെന്നും അഹമ്മദ് തന്റെ പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം.
രാജാക്കന്മാര്‍ നഗ്നരാണ്
കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്നത് മുസ്ലിം ലീഗും കോണ്‍ഗ്രസ്സുമാണെന്ന് തോന്നിപോവും ഈ തെരെഞ്ഞെടുപ്പ് ഫലം കണ്ടാല്‍. അധികാരത്തോടുള്ള ആര്‍ത്തിക്കാര്‍ക്കും ,ചില അരമുറി ബുദ്ധിജീവികളുടെ വാക്കുകള്‍ കേട്ട് തുള്ളുന്ന മുസ്ലിം ലീഗിന്റെ നേതൃത്വത്തിനും ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ നിങ്ങളെ ആവേശം കൊള്ളിക്കുന്നതിനു വേണ്ടി പരാജയത്തെ കുറച്ച് കാണിച്ചു കൊണ്ടുള്ള അഭിപ്രായങ്ങളും പോസ്റ്റുകളും നേതൃത്വത്തിലുള്ള പലരുടെയും ഭാഗത്ത് നിന്നു വരും. ഇനിയും നിങ്ങള്‍ അത്തരത്തിലുള്ള കുഴലൂത്തുകാരുടെ വാക്കുകള്‍ കേട്ട് തുള്ളരുത്. സ്വന്തമായ ചിന്തകളിലൂടെ ഈ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് മനസ്സിലാക്കാന്‍ ഒരിത്തിരി സമയമെങ്കിലും മാറ്റിവെക്കണം. ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളായിരുന്ന ഉമര്‍ ഇബ്നു ഖത്താബ് പോലും അണികളോട് പറഞ്ഞിരുന്നത് “എനിക്കെന്തെങ്കിലും തെറ്റുപറ്റിയാല്‍ നിങ്ങളത് തിരുത്തണം” എന്നായിരുന്നു. എന്നാല്‍ സമുദായത്തിന്റെ പേരും പറഞ്ഞ് മേനി നടിക്കുന്ന പാര്‍ട്ടിയില്‍ തിരുത്തുന്നത് പോയിട്ട് ഒരു അഭിപ്രായം പോലും പറയാന്‍ ധൈര്യമുണ്ടാവാറില്ല പലര്‍ക്കും. അത്രമേല്‍ ഉണ്ട് പാര്‍ട്ടിക്കകത്ത് ജനാധിപത്യം.
ഈ തെരെഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണക്കാര്‍ മുഖ്യമായും രണ്ട് പേരാണ്. ക്രിസ്ത്യന്‍ പള്ളിയായി ആറാം നൂറ്റാണ്ടില്‍ തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ പണിത ‘ഹാഗിയ സോഫിയ’ മസ്ജിദാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉര്‍ദുഗാന്‍ സ്വീകരിച്ച നടപടികളെ ന്യായീകരിക്കും വിധം മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റിയിലുള്ള ചില സ്വയം പ്രഖ്യാപിത ബുദ്ധി ജീവികളുടെ വാക്കും കേട്ട് സാദിഖലി തങ്ങളുടെ പേരില്‍ എഴുതപ്പെട്ട ലേഖനം ക്രിസ്ത്യന്‍ സമുദായത്തെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. ഈ പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന എത്രയെത്ര ചരിത്രകാരന്മാരും, നിരീക്ഷകരും ഉണ്ട്. അവരോടൊന്നും ആലോചിക്കാതെ ചുറ്റിലുമുള്ള സില്‍പന്തികളുടെ അന്തമില്ലാത്ത പ്രവര്‍ത്തികള്‍ക്കൊപ്പം അന്തമില്ലാതെ ചേര്‍ന്ന് നിന്ന സാദിഖലി തങ്ങള്‍ക്ക് തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറാനാവുമോ!!? അങ്ങനെ കേരളത്തിലെ മുസ്ലിംങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് എതിരാണെന്ന് അവര്‍ ചിന്തിച്ച് നില്‍ക്കുന്ന സമയത്താണു അധികാര കൊതി മൂത്ത് പി.കെ.കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലെ പോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അതേ സമയം അദ്ധേഹത്തെ സ്വാഗതം ചെയ്ത് കൊണ്ടും, കോണ്‍ഗ്രസിനെ ഭരിക്കുന്നത് ലീഗാണെന്ന് സൂചിപ്പിച്ച് കൊണ്ടും പിണറായി നടത്തിയ പ്രസ്താവനയും നമ്മുടെ പ്രവര്‍ത്തകര്‍ ആവേശത്തോടെ നെഞ്ചിലേറ്റി. എന്നാല്‍ ഈ തെരെഞ്ഞെടുപ്പിനു മുന്‍പ് ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് പിണറായി നടത്തിയ ഏറ്റവും ബുദ്ധിപരമായ ഒരു കമന്റ് ആയിരുന്നു അത്. കുഞ്ഞാലിക്കുട്ടി വരുന്നത് ഉപ മുഖ്യമന്ത്രിയാവാനാണെന്നും , കോണ്‍ഗ്രസിനെ നിയന്ത്രിച്ച് പലതും കൈപിടിയില്‍ ഒതുക്കാനുമാണെന്ന ധാരണ വളരുകയും ക്രിസ്ത്യന്‍ സ്വാധീന മേഖലകളിലെ വോട്ടുകള്‍ യു.ഡി എഫ് ല്‍ നിന്ന് അകലുവാനും അതു വഴി കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ പോലും നഷ്ടപ്പെടുന്നതിനും, എന്തിനേറെ പുതുപ്പള്ളിയിലെ ഭൂരിപക്ഷം കുറയുവാന്‍ പോലും ഈ രണ്ട് കാര്യങ്ങള്‍ കാരണമായി എന്നിരിക്കെ കുഞ്ഞാലികുട്ടിക്ക് പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാറി നില്‍ക്കാനാവുമോ!!?
സ്വാര്‍ത്ഥതയും, സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയവര്‍ക്ക് സംഘടനയുടെ മിടിപ്പ് മനസ്സിലാക്കാന്‍ കഴിയാതിരിക്കുക എന്നത് സ്വാഭാവികമാണു.മികച്ച സംഘടനാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നിങ്ങള്‍ നേതാക്കന്മാരുടെ തിണ്ണ നിരങ്ങാന്‍ സമയം കിട്ടിയെന്ന് വരില്ല. തിണ്ണ നിരങ്ങുന്നവര്‍ക്ക് മാത്രം സ്ഥാനമാനങ്ങള്‍ നല്‍കി ശീലിച്ച നിങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനാ തെരഞ്ഞെടുപ്പില്‍ പോലും ഇറങ്ങി ചെറിയ കുട്ടികളുടെ നിലവാരം പോലും കാണിക്കാതെ വാശിപിടിച്ചതും, അവസാനം നിങ്ങളുടെ സില്‍പന്തികളെ നിയമിച്ചതും എല്ലാം നിങ്ങളുടെ കഴിവുകേടിന്റെ വലിയ ഉദാഹരണങ്ങളാണു.
നിങ്ങളൊന്ന് തിരിഞ്ഞ് നോക്കൂ, ആദ്യകാലങ്ങളില്‍ എത്ര പേര്‍ ഈ സംഘടനയില്‍ നിന്നും ഇറങ്ങിപോയിട്ടുണ്ട് ? എന്നിട്ട് ഈ സംഘടനക്ക് എന്തെങ്കിലും പോറലേറ്റോ!!? ആദ്യ കാലത്തെ നേതൃത്വത്തിനു മേല്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും കാവലും ഉണ്ടായിരുന്നു. കാരണം അവരില്‍ സത്യമുണ്ടായിരുന്നു. പക്ഷെ ഈ അടുത്തകാലത്ത് പാര്‍ട്ടി പുറത്താക്കിയവരും, പുറത്ത് പോയവരും എം.എല്‍.എ യും, മന്ത്രിയുമൊക്കെ ആകുന്ന കാഴ്ച്ചയാണു കണ്ടത്. ഇന്നത്തെ നേതൃത്വത്തിനു ആ കാവല്‍ കിട്ടാതെ പോയതിന്റെ കാരണം സ്വയം കണ്ടെത്താനുള്ള ശ്രമമെങ്കിലും നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാവണം. ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ മറന്ന് കൊണ്ടുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് പാര്‍ട്ടി പുന:പരിശോധന നടത്തണം.
സീതി സാഹിബിന്റെയും, സി.എച്ച് ന്റെയും, ബാഫഖി തങ്ങളുടെയും, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും എല്ലാം ദീര്‍ഘ വീക്ഷണമാണു നാം ഇന്നനുഭവിക്കുന്ന സുഖങ്ങളില്‍ ഏറെയും. അവര്‍ നിര്‍മ്മിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നെല്ലാം പഠിച്ചിറങ്ങിയ ഒരു അക്കാദമിക് സമൂഹത്തിന്റെ വലിയ ഒരു ഭാഗം ഈ പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കാത്തതിന്റെ കാരണം ഈ പാര്‍ട്ടിയുടെ തെറ്റായ പല നയങ്ങളുമല്ലേ?? ദളിത് വിഭാഗത്തോട് ചേര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് പാര്‍ട്ടിക്ക് കൃത്യമായ പദ്ധതിയുണ്ടോ? അജണ്ടകള്‍ തീരുമാനിക്കാതെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി സ്ഥാനമില്ല. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ കൂടുന്ന വേളകളില്‍ സമയമില്ല എന്ന് പറഞ്ഞ് വാതിലുകള്‍ കൊട്ടിയടക്കാതിരിക്കുക.
രാജാവ് നഗ്നനാണെന്ന് പറയാന്‍ കഥയിലെ ആ ബാലന്‍ കാണിച്ച ധൈര്യമെങ്കിലും നമ്മില്‍ പലര്‍ക്കും ഉണ്ടാവണം.
പ്രതീക്ഷയോടെ.