കേരളം വീണ്ടും ചരിത്രം രചിച്ചു, ഇതാ കാണൂ കേരളത്തിന്റെ മറുപടി

0
82

ദേശാഭിമാനി മുഖപ്രസംഗം

കേരളം വീണ്ടും ചരിത്രം രചിച്ചു. 64 വർഷംമുമ്പ്‌ ബാലറ്റ്‌പേപ്പറിലൂടെ കമ്യൂണിസ്‌റ്റ്‌ പാർടിയെ അധികാരത്തിലെത്തിച്ച്‌ ചരിത്രംകുറിച്ച കേരളം ഇപ്പോൾ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തുടർച്ചയായി രണ്ടാമതും അധികാരത്തിലെത്തിച്ച്‌ അതാവർത്തിച്ചിരിക്കുന്നു.

സംസ്ഥാനത്ത്‌ ഇടത്‌ തരംഗം ആഞ്ഞുവീശിയപ്പോൾ യുഡിഎഫ്‌ പിടിച്ചുനിൽക്കാനാകാതെ തകർന്നടിഞ്ഞു. കോൺഗ്രസ്‌ കോട്ടകൾ ഒന്നൊന്നായി നിലംപൊത്തിയപ്പോൾ ലീഗ്‌ കോട്ടകൾ ആടിയുലഞ്ഞു.

ഇടതുപക്ഷവിരുദ്ധ മുന്നണിയുടെ കാലം കഴിഞ്ഞുവെന്ന്‌ എൽഡിഎഫിന്റെ ഈ മഹാവിജയം വിരൽചൂണ്ടുന്നു. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ അപ്രസക്തമാക്കുന്ന പരാജയമാണ്‌ കേരളത്തിലേത്‌. യുഡിഎഫിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക്‌ നിലവിലുള്ള ഒരു സീറ്റ്‌ പോലും നിലനിർത്താനാകാതെ മുഖം നഷ്ടമായി. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച്‌ തൂക്കുസഭ പ്രവചിച്ച ബിജെപി പരിഹാസ്യരായി.

അതോടൊപ്പം രാഷ്ട്രീയലക്ഷ്യത്തോടെ പ്രവർത്തിച്ച കേന്ദ്ര ഏജൻസികൾക്കും ചില വലതുപക്ഷ മാധ്യമങ്ങൾക്കും മുഖമടച്ച അടിയാണ്‌ ജനങ്ങൾ നൽകിയത്‌. മതനിരപേക്ഷത സംരക്ഷിക്കാനും ജനക്ഷേമം ഉറപ്പുവരുത്താനും ഇടതുപക്ഷത്തിനുമാത്രമേ കഴിയൂ എന്ന ജനങ്ങളുടെ ആഴത്തിലുള്ള വിശ്വാസവും ജനവിധിയിൽ പ്രതിഫലിച്ചു.

ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഇടത്‌–-വലത്‌ മുന്നണികളെ മാറിമാറി അധികാരത്തിലെത്തിക്കുക എന്ന പതിവ്‌ രീതിയാണ്‌ കേരളം ഇക്കുറി വേണ്ടെന്നുവച്ചത്‌. വികസനത്തുടർച്ച വേണമെന്ന ജനങ്ങളുടെ ആഗ്രഹമാണ്‌ ഇതിന്‌ കാരണം. പ്രതിസന്ധിഘട്ടങ്ങളിൽ–-പ്രളയമായാലും നിപായായാലും കോവിഡ്‌ ആയാലും ആബാലവൃദ്ധം ജനങ്ങളെ ചേർത്തുപിടിച്ച്‌ സംരക്ഷിക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറായതിന്‌ മാത്രമുള്ളതല്ല ഈ ചരിത്രവിജയം. വറുതിയുടെ നാളുകളിലും അവരെ പട്ടിണിക്കിടാതെ ജീവൻ നിലനിർത്തിയതിനുള്ള ജനങ്ങളുടെ പാരിതോഷികം കൂടിയാണ്‌ എൽഡിഎഫിനുള്ള ഈ തുടർ ഭരണം.

അറുപത്തിനാല്‌ വർഷംമുമ്പ്‌ ഇ എം എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടി കേരളത്തിൽ അധികാരത്തിൽ വന്നപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ്‌ അതുണ്ടാക്കിയിരുന്നത്‌. തെരഞ്ഞെടുപ്പിലൂടെ രാജ്യത്ത്‌ ആദ്യമായി അധികാരത്തിൽ വന്ന കമ്യൂണിസ്‌റ്റ്‌ പാർടി സർക്കാരായിരുന്നു ഇ എം എസിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്‌.

പ്രാദേശിക തലത്തിലെ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിനെക്കുറിച്ച്‌ കൂലങ്കഷമായ ഒരു മാർഗരേഖയും അന്ന്‌ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി മുന്നോട്ടുവച്ചിരുന്നില്ല.

എന്നിട്ടും ഇ എം എസ്‌ സർക്കാരിന്റെ പ്രവർത്തനം ഒരു കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സർക്കാർ എങ്ങനെ ആയിരിക്കണമെന്നാണോ ജനങ്ങൾ ആഗ്രഹിച്ചത്‌ അങ്ങനെയായി. അധികാരമേറ്റ്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽത്തന്നെ കുടിയൊഴിപ്പിക്കൽ തടയുന്നതിനുള്ള ഓർഡിനൻസ്‌ ഇ എം എസ്‌ സർക്കാർ കൊണ്ടുവന്നു.

കാർഷികബന്ധ ബിൽ കേരളത്തിലെ വലിയ വിഭാഗം ഭൂരഹിതരെ ഭൂവുടമകളാക്കി. ഇതുകൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, സഹകരണം, തദ്ദേശഭരണം എന്നിവയുടെ ജനാധിപത്യവൽക്കരണവും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളുടെ സംഭാവനയായിരുന്നു. സാധാരണ ജനങ്ങളുടെ ഉന്നമനമായിരുന്നു എന്നും ഇടതുപക്ഷം നെഞ്ചേറ്റിയത്‌.

അതുകൊണ്ടുതന്നെ ഇടതുപക്ഷ സർക്കാരുകളെ കാലാവധി പൂർത്തിയാക്കാൻ വലതുപക്ഷം അനുവദിച്ചില്ല. സാമ്രാജ്യത്വ ശക്തികളുടെയും ജാതി മത വർഗീയ പ്രസ്ഥാനങ്ങളുടെയും സഹായത്തോടെ ഇടതുപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ വലതുപക്ഷത്തിന്‌ കഴിഞ്ഞു.

ഇ എം എസ്‌ മന്ത്രിസഭയെ അട്ടിമറിക്കുന്നതിൽ അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ പണംപോലും കോൺഗ്രസും ജാതി–-മത–-വർഗീയ സംഘടനകളും ചേർന്ന്‌ നടത്തിയ വിമോചന സമരത്തിന്‌ ലഭിച്ചുവെന്ന്‌ തെളിയുകയുണ്ടായി.

1967ൽ വീണ്ടും അധികാരത്തിൽ വന്ന ഇ എം എസ്‌ മന്ത്രിസഭയെയും 1980ൽ വന്ന നായനാർ മന്ത്രിസഭയെയും കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചില്ല. ഇടതുപക്ഷ സർക്കാരുകളെ എങ്ങനെയും താഴെയിറക്കുക എന്നതായിരുന്നു കോൺഗ്രസിന്റെയും അവരെ പിന്തുണച്ച ശക്തികളുടെയും ശ്രമം. അതിൽ അവർ ഒരു പരിധിവരെ വിജയിക്കുകയും ചെയ്‌തു. അന്നൊക്കെ കേന്ദ്രത്തിൽ അധികാരമുണ്ടായിരുന്ന കോൺഗ്രസായിരുന്നു ഈ അട്ടിമറികൾക്കൊക്കെ പിന്നിൽ പ്രവർത്തിച്ചത്‌.

ദേശീയാടിസ്ഥാനത്തിൽ കോൺഗ്രസ്‌ ദുർബലമാകുകയും കേന്ദ്രത്തിൽ തനിച്ച്‌ ഭൂരിപക്ഷം കോൺഗ്രസിന്‌ നഷ്ടമാകുകയും ചെയ്‌തതിനുശേഷം മാത്രമാണ്‌ കേരളത്തിൽ ഇടതുപക്ഷ സർക്കാരുകൾക്ക്‌ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞത്‌. 1987ലും 1996ലും 2006ലും 2016ലും അധികാരത്തിൽവന്ന എൽഡിഎഫ്‌ സർക്കാരുകൾ കാലാവധി പൂർത്തിയാക്കി. എന്നാൽ, ഒരിക്കൽപ്പോലും തുടർഭരണം ലഭിക്കുകയുണ്ടായില്ല.

ഭരണത്തുടർച്ചയില്ലായ്‌മയുടെ ചരിത്രത്തെയാണ്‌ എൽഡിഎഫ്‌ ഇപ്പോൾ മറികടന്നിട്ടുള്ളത്‌. ബൂർഷ്വാ പാർലമെന്ററി വ്യവസ്ഥയിൽ കമ്യൂണിസ്‌റ്റുകാർക്ക്‌ തുടർഭരണം ലഭിക്കുക എന്നത്‌ ചെറിയകാര്യമല്ല. പശ്‌ചിമ ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെടുകയും പാർലമെന്റിലെ പ്രാതിനിധ്യം കുത്തനെ കുറയുകയും ചെയ്‌ത സാഹചര്യത്തിൽ വലതുപക്ഷം കമ്യൂണിസത്തിന്‌ ചരമക്കുറിപ്പെഴുതി എന്നുപറഞ്ഞ വേളയിലാണ്‌ പിണറായി വിജയൻ സർക്കാർ രണ്ടാമതും അധികാരത്തിൽ വരുന്നത്‌. ഇടതുപക്ഷത്തിന്റെ ദേശീയ പ്രസക്തി വർധിപ്പിക്കുന്നതുകൂടിയാണ്‌ കേരളത്തിലെ വിജയം.

1957ലെ സർക്കാരിനെ അട്ടിമറിക്കാൻ നടന്നതിന്‌ സമാനമായ കമ്യൂണിസ്‌റ്റ്‌ വേട്ടയാണ്‌ ഇത്തവണയും തുടർഭരണം തടയാനായി നടന്നത്‌. ഒരുവിഭാഗം മാധ്യമങ്ങളും ഇതിന്റെ ഭാഗമായി. കേന്ദ്രത്തിൽ അധികാരത്തിലുള്ള സർക്കാർ മാത്രമല്ല, അവരുടെ കീഴിലുള്ള എല്ലാ അന്വേഷണ ഏജൻസിയും കേരളത്തിലെ സർക്കാരിന്റെ ജനപ്രീതി ഇടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. കോടിക്കണക്കിന്‌ രൂപ ബിജെപി സംസ്ഥാനത്ത്‌ ഒഴുക്കി. കുഴൽപ്പണക്കേസ്‌ എന്നത്‌ പിണറായി വിജയൻ സർക്കാരിന്റെ തുടർഭരണത്തെ തടയാനുള്ള ബിജെപിയുടെ ഓപ്പറേഷൻ താമരയായിരുന്നു.

കോൺഗ്രസിന്റെയും കേന്ദ്രത്തിൽ ബിജെപിയുടെയും ഇത്തരം ഹീനശ്രമത്തിന്‌ പിന്തുണ നൽകിയെന്ന്‌ മാത്രമല്ല, അവരുടെതായ അട്ടിമറിശ്രമങ്ങളും നടത്തി. ഇഎംസിസിയുമായി ബന്ധപ്പെട്ട വിവാദവും ഒരു വലിയ അട്ടിമറിയുടെ ഭാഗമായിരുന്നു. തെരഞ്ഞെടുപ്പ്‌ ദിവസം എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി നടത്തിയ പ്രസ്‌താവനയും ഈ അട്ടിമറി നീക്കത്തിന്റെ ഭാഗമായിരുന്നു. ഇത്തരം ഹീനശ്രമങ്ങളെയെല്ലാം അതിജീവിച്ചാണ്‌ എൽഡിഎഫ്‌ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്‌.

ജനങ്ങൾ നൽകിയ വലിയ അംഗീകാരമാണിത്‌. ഇത്‌ എൽഡിഎഫിനെ കൂടുതൽ വിനയാന്വിതമാക്കിയിരിക്കുന്നു. അടുത്ത അഞ്ച്‌ വർഷംകൂടി ജനപക്ഷത്ത്‌ നിന്നുകൊണ്ട്‌ പ്രവർത്തിക്കുമെന്ന ഉറപ്പാണ്‌ എൽഡിഎഫിന്‌ ഇപ്പോൾ നൽകാനുള്ളത്‌. മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്‌തപോലെ നവകേരളം സൃഷ്ടിക്കാൻ ഒറ്റക്കെട്ടായി നമുക്ക്‌ മുന്നേറാം.