കോവിഡ്: മരണം കൂടിയതോടെ “ഹൗസ്ഫുൾ” ബോർഡുമായി ബംഗളുരുവിലെ ശ്മശാനങ്ങൾ

0
84

പ്രാണവായു പോലും കിട്ടാതെ ജനങ്ങൾ മരിച്ചുവീഴുമ്പോൾ “ഹൗസ്ഫുൾ” ബോർഡുമായി ബംഗളുരുവിലെ ശ്മശാനങ്ങൾ. കോവിഡ് ബാധിച്ചും ഓക്സിജൻ കിട്ടാതെയും മരണസംഖ്യ കൂടിയതോടെയാണ് ബംഗളുരു ചാമരാജ്പേട്ടയിലെ പൊതു ശ്മശാനത്തിനുമുന്നിൽ അധികൃതർ “ഹൗസ്ഫുൾ” സ്ഥാപിച്ചത്. കോവിഡ് ബാധിതരുടെ മൃതദേഹം സംസ്കരിക്കുന്ന ഭാഗത്താണ് തിങ്കളാഴ്ച രാവിലെ അധികൃതർ ഇത്തരമൊരു ബോർഡ് സ്ഥാപിച്ചതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് ബാധിച്ച് മരിക്കുന്നവുടെ എണ്ണം കുത്തനെ കൂടിയതോടെയാണ് ഇത്തരമൊരു ബോർഡ് സ്ഥാപിച്ചത്. യഥാസമയം മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലസൗകര്യം ഇല്ലാതെ വന്നതോടെയാണ് ഇത്തരമൊരു തീരുമാനം അധികൃതർ കൈക്കൊണ്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം ബംഗളുരു നഗരത്തിൽ 64 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കർണാടകത്തിൽ മൊത്തം 217 മരണമാണ് റിപ്പോർട്ട് ചെയ്തത്. ദിവസേന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും മരണസംഖ്യ കൂടുന്നതും ജനങ്ങളെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ച വരെ മാത്രം 20 മൃതദേഹങ്ങളാണ് ചാമരാജ്പേട്ടയിലെ ശ്‌മശാനത്തിൽ സംസ്കരിക്കാൻ കൊണ്ടുവന്നത്. വൈകിട്ട് കൂടുതൽ പേർ മരിച്ചതോടെ സംസ്കാരം നടത്താൻ സൗകര്യമില്ലാതായി. ഇതോടെ മൃതദേഹങ്ങൾ ശ്മശാനത്തിനുപുറത്ത് നിരത്തിവെക്കുന്ന സ്ഥിതിയുണ്ടായി. തുടർന്ന് മരിച്ചവരുടെ ബന്ധുക്കളും ശ്‌മശാനം അധികൃതരുമായി വാക്കുതർക്കം ഉടലെടുത്തിരുന്നു. തുടർന്നാണ് തിങ്കളാഴ്ച രാവിലെ “ഹൗസ്ഫുൾ” ബോർഡ് വെക്കാൻ അധികൃതർ തീരുമാനിച്ചത്.
ബംഗളുരു നഗരത്തിൽ മാത്രം 13 വൈദ്യതി ശ്മശാനങ്ങളുണ്ട്. എല്ലായിടത്തും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ല. ഓരോ ദിവസവും മരണസംഖ്യ കൂടിയതോടെ പലയിടങ്ങളിലും തിരക്കായി. ഡൽഹിയിലും ഉത്തർപ്രദേശിലും സംസകാരത്തിനായി മൃതദേഹങ്ങൾ കൂട്ടിയിടുന്ന കാഴ്ചകൾ പുറത്തുവന്നതിനുപിന്നാലെയാണ് കർണാടകത്തിലെ ബംഗളുരു നഗരത്തിലെ ശ്മശാനങ്ങൾക്ക് മുന്നിലെ “ഹൗസ്ഫുൾ” ബോർഡുകളും രാജ്യത്തിന്റെ നൊമ്പരമാകുന്നത്.