കർണാടകത്തിലെ ചാമരാജ്നഗറിൽ പ്രാണവായു കിട്ടാതെ കോവിഡ് രോഗികൾ അടക്കം 24 പേർ പിടഞ്ഞുമരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ചാമരാജ്നഗർ ജില്ലാ ആശുപത്രിയിൽ 24 പേര്‍ മരിച്ചത്. ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്.
144 കോവിഡ് രോഗികളാണ് ചാമരാജ നഗറിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കോവിഡ് രോഗികൾ അടക്കം 24 പേർ മരിച്ചത്. മരിച്ചവരെല്ലാം ചാമരാജനഗർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി 12.30 ഓടെ ഓക്സിജൻ ക്ഷാമം നേരിട്ടുവെന്നും വിഷയം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു.
മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പൊലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ഓക്സിജൻ ക്ഷാമം ജില്ലാ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും എന്നാൽ, സമയത്ത് ഓക്സിജൻ സിലിണ്ടർ ലഭിച്ചില്ലെന്നും ആശുപമത്രി അധികൃതർ പറയുന്നു. എന്നാൽ, ഇക്കാര്യം ഉന്നത അധികാരികൾ നിഷേധിച്ചു.
മൈസൂരില്‍ നിന്ന് ഓക്‌സിജന്‍ കിട്ടിയില്ലെന്ന് ജില്ലാ അധികൃതർ പറഞ്ഞു. എന്നാല്‍, യഥാസമയം ഓക്‌സിജന്‍ അയച്ചിരുന്നെന്ന് മൈസൂര്‍ കലക്ടര്‍ പറയുന്നു. അടിയന്തിര സാഹചര്യം എന്ന നിലയിൽ 250 ഓക്സിജൻ സിലിണ്ടർ അയച്ചിരുന്നുവെന്നും ബാക്കി ബെല്ലാരിയിൽ നിന്നും ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിരുന്നതായും മൈസൂരു കലക്‌ടർ പറഞ്ഞു. എന്നാൽ, അയച്ച സിലിണ്ടറുകൾ എവിടെപ്പോയി എന്നതും അന്വേഷിക്കേണ്ടതുണ്ട്. അതേക്കുറിച്ച് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ബല്ലാരിയിപ്പോൾ നിന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസമന്ത്രി കെ സുരേഷ്‌കുമാർ അറിയിച്ചു. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നിർദ്ദേശിച്ചു.