ഈ പരാജയം പ്രതീക്ഷിച്ചില്ല, ജനവിധി അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല

0
80

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

‘ഏതായാലും ജനങ്ങള്‍ നല്‍കിയിരിക്കുന്ന വിധിയെ ഞങ്ങള്‍ ആദരവോടെ അംഗീകരിക്കുന്നു. തീര്‍ച്ചയായും ഇതിന്റെ പരാജയകാരണങ്ങളെ കുറിച്ച് യുഡിഎഫ് ബോഡി വിലയിരുത്തും. എവിടെയാണ് പാളിച്ചകള്‍ ഉണ്ടായതെന്നത് ഞങ്ങള്‍ വിലയിരുത്തും.കൂട്ടായ ചര്‍ച്ചകളിലൂടെ യുഡിഎഫിന്റെ യോഗം ചേര്‍ന്ന് മറ്റ് നടപടികളുമായി മുന്നോട്ടുപോകും.

എല്ലാ നിയമസഭാ സാമാജികരെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുകയാണ്. ഈ വസ്തുതകളെപ്പറ്റി വിശദമായി പഠിച്ചതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയും. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ തിരുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മം. ആ പ്രതിപക്ഷ ധര്‍മ്മം നന്നായി നിറവേറ്റാന്‍ യുഡിഎഫിനു സാധിച്ചിട്ടുണ്ട്.”- ചെന്നിത്തല പറഞ്ഞു.