സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യഫലസൂചന ഒൻപത് മണിയോടെ

0
82

 

കേരള നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന്‌ തുടങ്ങി. ഏഴ് മണിയോടെ സ്‌ട്രോങ്‌ റൂമുകൾ തുറന്ന്‌ വോട്ടെണ്ണലിനുള്ള നടപടികൾ തുടങ്ങി. ആദ്യഫലസൂചനകൾ രാവിലെ ഒൻപതോടെ പുറത്തെത്തും. ആദ്യം പോസ്‌റ്റൽ വോട്ടുകളാണ്‌ എണ്ണുക.

കേരളത്തിന് പുറമെ തമിഴ്‌നാട്‌, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ നിയമസഭകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. മലപ്പുറമടക്കം ലോക്‌സഭാമണ്ഡലങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലവും ഇന്നറിയാം .

രാവിലെ എട്ടിന്‌ തപാൽവോട്ടും എട്ടരയോടെ വോട്ടിങ്‌‌ യന്ത്രത്തിലേതും എണ്ണിത്തുടങ്ങും. കോവിഡ്‌ സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്‌. വീട്ടിലിരുന്ന്‌ ഫലമറിയാനാണ്‌ എല്ലാ രാഷ്‌ട്രീയ പാർടികളും ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. ആഹ്ലാദപ്രകടനമടക്കം ഉപേക്ഷിച്ചു.

144 കേന്ദ്രത്തിൽ 633 ഹാളിലാണ്‌ വോട്ടെണ്ണൽ. 80 കഴിഞ്ഞവരുടേതും കോവിഡ്‌ പോസിറ്റീവായവരുടേതുമടക്കം നാലര ലക്ഷത്തിലധികം തപാൽ വോട്ട്‌ ഇക്കുറിയുണ്ടാകും. വോട്ടെണ്ണൽ കൃത്യതയോടെ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളുമായെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. തപാൽവോട്ട്‌ കൈകൊണ്ട്‌ എണ്ണുന്നതിനാൽ അന്തിമ ഫലം വൈകിയേക്കും.

പത്തരയോടെ ആദ്യ റൗണ്ട്‌ എണ്ണി വിവരം തെരഞ്ഞെടുപ്പ്‌ കമീഷന്റെ സോഫ്‌റ്റ്‌വെയറായ ‘എൻകോറി’ ൽ അപ്‌ലോഡ്‌ ചെയ്യും. ഒരു തരത്തിലുമുള്ള പാകപ്പിഴയുമുണ്ടാകാതെ ഫലം ജനങ്ങളെ അറിയിക്കാൻ സംവിധാനം ഒരുക്കി‌. പിആർഡി വഴി മാധ്യമങ്ങൾക്ക്‌ വിവരമെത്തിക്കാനുള്ള അത്രവിപുല സംവിധാനമുണ്ടന്നും മീണ പറഞ്ഞു.

മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത പ്രതിസന്ധികൾക്കിടയിലും മികച്ച ഭരണം കാഴ്‌ചവച്ചതിന്റെ ആത്മവിശ്വാസവുമായാണ്‌ ഇടതുപക്ഷം ജനങ്ങളെ സമീപിച്ചത്‌. ആഭ്യന്തരയോഗങ്ങളിൽ പരാജയത്തിന്റെ കണക്കെടുപ്പ്‌ നടത്തിയെങ്കിലും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയാണ്‌ യുഡിഎഫ്‌ നേതാക്കൾ പുറത്തേക്ക്‌ പങ്കുവച്ചിട്ടുള്ളത്‌. വി മുരളീധരനും കെ സുരേന്ദ്രനും നയിച്ച്‌ കേരളത്തിലെ എൻഡിഎയെ എവിടെയെത്തിച്ചുവെന്നും ഞായറാഴ്‌ചത്തെ ജനവിധി തെളിയിക്കും.