വോട്ടെണ്ണൽ ദിനത്തിൽ യാതൊരു വിധത്തിലുള്ള ആഘോഷപ്രകടനങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ല

0
79

 

വോട്ടെണ്ണൽ ദിനമായ നാളെ യാതൊരു വിധത്തിലുമുളള ആഘോഷപ്രകടനങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും എടുത്ത തീരുമാനമാണത്. സംസ്ഥാനത്ത് ഒട്ടാകെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ചുമതലപ്പെട്ടവരൊഴികെ ആരും പോകേണ്ടതില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ മണ്ഡലത്തിൽ സഞ്ചരിച്ചു വോട്ടർമാരോട് നന്ദി പറയുന്ന പതിവുണ്ട്. അത് ഇത്തവണ ഉപേക്ഷിക്കണം. നേരിട്ട് ചെന്നുള്ള നന്ദിപ്രകടനം തൽക്കാലം വേണ്ട. കോവിഡ് വ്യാപനത്തിന് ശമനം വന്നാൽ അതിന് വേണ്ടുവോളം സമയമുണ്ട് എന്ന് മനസ്സിലാക്കണം. സോഷ്യൽ മീഡിയയിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്യാവുന്നതാണ്.

ആഹ്ളാദപ്രകടനം നടത്താൻ വിജയിച്ചവർക്കാകെ ആഗ്രഹമുണ്ടാകും. ഇന്നത്തെ അവസ്ഥയിൽ ആഹ്ളാദപ്രകടനകൾ ഉപേക്ഷിക്കുന്നതാണ് സമൂഹത്തോടുള്ള പ്രതിബദ്ധത. കോവിഡ് പ്രതിരോധത്തിൽ സർവ്വാത്മനാ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ജനങ്ങളോടുള്ള യഥാർത്ഥ നന്ദി പ്രകടനം എന്നു നാം ഓരോരുത്തരും മനസിലാക്കണം.

ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ സഹകരണവും ഉണ്ടാകണം. കൂട്ടം ചേർന്നുള്ള പ്രതികരണമെടുപ്പ് കഴിയുന്നതും ഒഴിവാക്കണം. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 21,733 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 11,210 പേർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. പിഴയായി 65,48,750 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി