കോവിഡ് പ്രതിരോധം: ഇന്ത്യയിൽ ഒരു ഏകോപനവും ഇല്ലെന്ന് യുഎസ് മുഖ്യആരോഗ്യമുഖ്യ ഉപദേഷ്ടാവ്‌

0
71

 

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിതീവ്രമാകുമ്പോഴും രോഗപ്രതിരോധത്തിൽ ഒരു ഏകോപനവും ഇല്ലാത്ത സാഹചര്യമാണെന്ന് നിലനിൽക്കുന്നതെന്ന് യുഎസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവായ ഡോ. ആന്റണി ഫൗചി. ഒരുകൂട്ടം പ്രതിസന്ധിയെ ഇന്ത്യ ഒന്നിച്ച്‌ നേരിടാൻ തയ്യാറാകുമോ എന്നറിയില്ല. തെരുവിൽ അമ്മമാരും പിതാക്കൻമാരും സഹോദരങ്ങളും ഓക്‌സിജന് വേണ്ടി അലയുന്നത് നാം കണ്ടു.

കേന്ദ്രതലത്തിൽ ഒരു ആസൂത്രണവും സംഘാടനവും ഇല്ലെന്ന് അവർ കരുതിപ്പോവും. പ്രായമായ അമ്മമാരുമായി മക്കൾ തെരുവിലിറങ്ങി ഓക്‌സിജനു വേണ്ടി യാചിക്കേണ്ട സ്ഥിതിയാണ്. അതിനർഥം ഒരു ഏകോപനവും നടക്കുന്നില്ലെന്നാണ്- ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഞാൻ സിഎൻഎന്നിൽ ഒരു ക്ലിപ്പ് കണ്ടു. വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്ന് തോന്നുന്നു. ഇതുപോലെ ഒരു സാഹചര്യമുണ്ടാകുമ്ബോൾ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒരുകൂട്ടം പ്രതിസന്ധിയെ ഇന്ത്യ ഒന്നിച്ച്‌ നേരിടാൻ തയ്യാറാകുമോ എന്നറിയില്ല. ഇന്ത്യയിലെ സ്ഥിതിയെ ഏതെങ്കിലും തരത്തിൽ വിമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്ട്രീയ പ്രശ്നമായിത്തീരും. താൻ ഒരു രാഷ്ട്രീയ വ്യക്തി അല്ല. പൊതുജനാരോഗ്യ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റി നാൽപ്പതു കോടി ജനങ്ങളുള്ള ഇന്ത്യയിൽ പൂർണമായും വാക്‌സിനേഷൻ നടത്തിയത് രണ്ടു ശതമാനം പേർക്കു മാത്രമാണ്. വൈറസിനെതിരായ പോരാട്ടത്തിൽ വാക്‌സിനേഷൻ പ്രധാനമാണ്. അതു വേഗത്തിലാക്കാൻ ഇന്ത്യ എത്രയും വേഗം കരാറുകളിൽ ഏർപ്പെടണമെന്ന് ഫൗചി അഭിപ്രായപ്പെട്ടു.കൊറോണയ്‌ക്കെതിരെ വിജയപ്രഖ്യാപനം നേരത്തെയായിപ്പോയെന്ന് ആരെയും പേരെടുത്തു പറയാതെ ഫൗചി അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിൽ ലോക്ക് ഡൗൺ പ്രധാനമാണെന്നാണ് താൻ കരുതുന്നത്. വൈറസ് ബാധയെ പ്രതിരോധിക്കു്ന്നതിൽ പെട്ടെന്ന് എടുക്കേണ്ടതും ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ടതുമായ കാര്യങ്ങളാണ്. പെട്ടെന്ന് എടുക്കേണ്ട നടപടികളിൽ പ്രധാനമാണ് ലോക്ക് ഡൗൺ. ആറു മാസത്തേക്ക് അടച്ചിടണമെന്നല്ല പറയുന്നത്, എന്നാൽ ഏതാനും ആഴ്ചകൾ രാജ്യം ലോക്ക് ഡൗൺ ചെയ്യണം. ഒരു വർഷം മുമ്ബ് ചൈനയിൽ വലിയ വ്യാപനം ഉണ്ടായപ്പോൾ അവർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ ചെയ്യുകയെന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ വ്യാപനം തടയാൻ അതു വേണ്ടിവരും- ഫൗചി പറഞ്ഞു.