കോവിഡ് വ്യാപനം : മേയ് 3 മുതൽ ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഓസ്‌ട്രേലിയയിൽ ജയിൽവാസം

0
79

ഇന്ത്യയിൽ നിന്ന് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിനുപിന്നാലെ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ ഭരണകൂടം
മേയ് 3 മുതൽ ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് അഞ്ച് വർഷം വരെ ജയിൽ ശിക്ഷ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. കോവിഡ് പ്രതിസന്ധി മറികടക്കാനായെടുത്ത കടുത്ത തീരുമാനത്തിനെതിരെ ഓസ്‌ട്രേലിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മേയ് 3 ന് 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ യാത്ര ചെയ്യുകയോ ചെയ്‌ത ഓസ്‌ട്രേലിയൻ പൗരന്മാരെയും ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരെയും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. യാത്ര ചെയ്‌ത ശേഷം വിമാനത്താവളത്തിൽ എത്തുന്നവർക്കെതിരെ വലിയ തുക പിഴയും അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും ചുമത്താൻ പൊലീസിന്‌ അധികാരം കൊടുത്തതിനെ ന്യായീകരിച്ച് ഓസ്‌ട്രേലിയയുടെ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് രംഗത്തെത്തി.

‘ഓസ്ട്രലിയൻ ജനതയുടെ ആരോഗ്യം ഉറപ്പാക്കാനും ക്വാറന്റീൻ സംവിധാനം ശക്തിപ്പെടുത്താനും ഇങ്ങനെയൊരു നടപടി അത്യാവശ്യമാണ്. വളരെ ലാഘവത്തോടെ എടുത്ത തീരുമാനമല്ല ഇതെന്ന് ജനം മനസ്സിലാക്കണം,’ ഹണ്ട് പറഞ്ഞു. മേയ് 15ന് സ്ഥിതിഗതി വിലയിരുത്തിയ ശേഷം തുടർനടപടികൾ ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തീരുമാനത്തിനെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്സ് വാച്ച് രംഗത്തെത്തി. സർക്കാരിന്റേത് ‘അതിരുകടന്ന തീരുമാനമായിപ്പോയെന്ന്’ അവർ കുറ്റപ്പെടുത്തി. ‘സ്വന്തം നാട്ടിൽ തിരിച്ചെത്തുക എന്നത് ഒരു പൗരന്റെ മൗലികമായ അവകാശമാണ്. നിലവിലെ ക്വാറന്റീൻ സംവിധാനം ശക്തിപ്പെടുത്താതെ ഇങ്ങനെ ചെയ്യുന്നതിൽ എന്തർത്ഥമാണ് ഉള്ളത്,’ സംഘടന ചോദിക്കുന്നു. ഓസ്‌ട്രേലിയയുടെ പുതിയ നീക്കത്തിൽ വംശീയത മുഴച്ചുനിൽക്കുന്നതായി നിരവധി ഇന്ത്യൻ-ഓസ്‌ട്രേലിയൻ വംശജർ അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. ഇതോടെ ഇന്ത്യയിൽ കഴിയുന്ന ഓസ്‌ട്രേലിയൻ വംശജരുടെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. ഏകദേശം 9,000 ഓസ്‌ട്രേലിയക്കാർ ഇന്ത്യയിൽ കുടുങ്ങിയിട്ടുണ്ട്.

ഇതിൽ 650 പേർ ഭീതിദമായ സാഹചര്യത്തിലാണെന്നാണ് അറിയിച്ചതെന്നും ഓസ്‌ട്രേലിയൻ അധികൃതർ പറഞ്ഞു. ഓസ്‌ട്രേലിയയിൽ പ്രതിദിനം ശരാശരി 23 പോസിറ്റീവ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തുന്നത്. 2020 മാർച്ച് മുതൽ അതിർത്തികൾ അടച്ചതിനെത്തുടർന്നാണ് കോവിഡിനെ പിടിച്ചുനിർത്താൻ അവർക്ക് സാധിച്ചത്.