സംസ്ഥാനത്തെ കുറ്റാന്വേഷണം കാര്യക്ഷമമാക്കാൻ ജില്ലകളിലും ക്രൈം പൊലീസ് സ്‌റ്റേഷൻ വരുന്നു. നിലവിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസുകളെ പൊലീസ് സ്‌റ്റേഷനുകളാക്കി വിജ്ഞാപനം ചെയ്യാനാണ് പദ്ധതി.
നിലവിൽ ക്രൈംബ്രാഞ്ച് ആസ്ഥാനം മാത്രമാണ് കേസെടുക്കാൻ അധികാരമുള്ള സ്‌റ്റേഷൻ. എല്ലാ ജില്ലകളിലും ക്രൈം പൊലീസ് സ്‌റ്റേഷൻ വന്നാൽ കേസ് നേരിട്ട് രജിസ്‌റ്റർ ചെയ്യാൻ അധികാരമുണ്ടാകും. ഇതിനുള്ള വിശദ റിപ്പോർട്ട് സംസ്ഥാന പൊലീസ് മോധാവി ഉടൻ ആഭ്യന്തര വകുപ്പിന് സമർപ്പിക്കും.
സംസ്ഥാനത്തെ 19 പൊലീസ് ജില്ലയിലും ജില്ലാ ക്രൈംബ്രാഞ്ചുണ്ട്. നേരത്തെയുണ്ടായിരുന്ന ക്രൈംഡിറ്റാച്ച്‌മെന്റാണ് ജില്ലാ ക്രൈംബ്രാഞ്ചായത്. ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിൽ ഒരു ഡിവൈഎസ്‌പി/അസി.കമീഷണറുടെ ചുമതലയിലാണ് പ്രവർത്തനം. ജില്ലാ പൊലീസ് മേധാവിമാർ കൈമാറുന്ന കേസാണ് അന്വേഷിക്കുക. നേരിട്ട് കേസ് രജിസ്‌റ്റർ ചെയ്യാനാകില്ല.
പൊലീസ് സ്‌റ്റേഷനുകളിലാകും ഇവയുടെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുക. അതിനാൽ അന്വേഷണത്തിൽ പരിമിതികളുമുണ്ട്. ഇതിന് പരിഹാരമായാണ് ജില്ലാ ക്രൈംബ്രാഞ്ചിനെ എല്ലാ അധികാരവുമുള്ള പൊലീസ് സ്‌റ്റേഷനുകളായി വിജ്ഞാപനം ചെയ്യുന്നത്.
ഡിവൈഎസ്‌പി എസ്‌എച്ച്‌ഒ ആകും. ആവശ്യത്തിന് തസ്‌തിക സൃഷ്‌ടിച്ച് ഉദ്യോഗസ്ഥരെ നിയമിക്കാനുമാകും. നിലവിൽ വർക്ക് അറേഞ്ച്‌മെന്റിലാണ് ഉദ്യോഗസ്ഥരെ ഇവിടെ നിയമിക്കുന്നത്.
എൽഡിഎഫ് സർക്കാർ വന്ന ശേഷം കുറ്റാന്വേഷണം കാര്യക്ഷമമാക്കാൻ എല്ലാ സ്‌റ്റേഷനുകളെയും കുറ്റാന്വേഷണം, ക്രമസമാധാനപാലനം എന്നിങ്ങനെ രണ്ടു വിഭാഗമാക്കിയിരുന്നു. എല്ലാ പൊലീസ് ജില്ലകളിലും സൈബർ പൊലീസ് സ്‌റ്റേഷനുകളും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ജില്ലകളിൽ ക്രൈം പൊലീസ് സ്‌റ്റേഷനുകൾ വരുന്നത്.